സ്പോർട്സ് സ്‌കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും: മുഖ്യമന്ത്രി

0
99

സംസ്ഥാനത്തെ സ്പോർട്സ് സ്‌കൂളുകൾക്കു പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും. ചോദ്യപേപ്പർ നിർമ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പരീക്ഷാഭവനെ ചുമലപ്പെടുത്തും. സ്പോർട്സ് സ്‌കൂളുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ നിയമനം നടത്തും. സ്പോർട്സ് റസിഡൻഷ്യൽ സ്‌കൂൾ സംവിധാനത്തിൽ പ്രവർത്തിക്കാൻ താൽപര്യവും അഭിരുചിയുമുള്ള അധ്യാപകരെ കണ്ടെത്തി ഒരു മാസത്തിനകം സ്പോർടസ് സ്‌കൂളുകളിൽ പുനർവിന്യസിക്കും.

സ്പോർട്സ് സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒരു ഹെഡ് ക്ലർക്ക്, നാല് ക്ലർക്ക്, ഒരു റെക്കോർഡ് അറ്റൻഡർ, മൂന്ന് ഓഫീസ് അറ്റൻഡന്റ് എന്നിവരെ കായിക വകുപ്പിൽ നിന്ന് പുനർവിന്യാസം നടത്തി രണ്ട് ആഴ്ചക്കകം നിയമിക്കും. സ്പോർട്സ് സ്‌കൂളിലും ഹോസ്റ്റലുകളിലും അനുവദനീയമായ എണ്ണം കുട്ടികളെ പ്രവേശിപ്പിക്കും. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാവുന്ന സ്ഥിതി സൃഷ്ടിക്കും. സ്പോർടസ് ഹോസ്റ്റലുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ കുട്ടികളെ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും.

യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.