വാര്‍ത്താ വെബ്സൈറ്റായ ദ വയറിനും മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മാളവ്യയ്ക്ക് പ്രത്യേക അധികാരമുണ്ടെന്ന് ദ വയറിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പരാതിയുമായി അമിത് മാളവ്യ പൊലീസിനെ സമീപിച്ചത്. ഡല്‍ഹി പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ക്കാണ് മാളവ്യ പരാതി നല്‍കിയത്.
തന്റെ പ്രശസ്തി അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദി വയര്‍ വ്യാജരേഖ ചമച്ചതെന്ന് അമിത് മാളവ്യ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം.കെ.വേണു, ഡെപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെ ‘വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പ്രശസ്തിക്ക് ഹാനി വരുത്തല്‍’ എന്നിവയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അമിത് മാളവ്യയുടെ പരാതി എന്തിന്?
‘Cringearchivist’ എന്ന സ്വകാര്യ അക്കൗണ്ട് അപ്ലോഡ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് നീക്കം ചെയ്തെന്ന് ദി വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യയ്ക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ചില പ്രത്യേകാവകാശങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഒക്ടോബര്‍ ആറിനായിരുന്നു സംഭവം.
പിന്നാലെ ദ വയറിന്റെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. വാര്‍ത്തയുടെ ഉറവിടങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നാല്‍ സ്ഥാപനം തുടക്കത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നു. സ്റ്റോറികള്‍ ഒന്നിലധികം മെറ്റാ ഉറവിടങ്ങളില്‍ നിന്നാണ് വന്നതെന്നും നമുക്ക് അറിയാവുന്നവരില്‍ നിന്നാണെന്നും ചിലത് നേരിട്ട് കണ്ട് പരിശോധിച്ചുറപ്പിച്ചു എന്നും ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.
പിന്നാലെ ഒക്ടോബര്‍ 11-ന്, മെറ്റയുടെ കമ്മ്യൂണിക്കേഷന്‍ മേധാവി, ആന്‍ഡി സ്റ്റോണ്‍ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. ദി വയര്‍ പ്രസിദ്ധീകരിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ദി വയര്‍ റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ‘ബന്ധപ്പെട്ട സാങ്കേതിക തെളിവുകള്‍ പരിശോധിക്കാതെ വിശ്വസനീയമെന്ന് കരുതി ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തിടുക്കം കൂട്ടിയത് തെറ്റാണെന്നും അത് ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നും സ്ഥാപനം അറിയിച്ചു. ഇതിന് പിന്നാലെയാണ് അമിത് മാളവ്യ കമ്പനിക്കെതിരെ പരാതി നല്‍കിയത്.