കായിക മേഖലയില്‍ വേതന തുല്യത കൊണ്ടുവരുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണോ?

0
88

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ)യുടെ ഭാഗത്ത് നിന്ന് ചരിത്ര തീരുമാനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. പുരുഷ- വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നടപ്പാക്കിയ തീരുമാനത്തെ കൈയ്യടികളോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. പതിനഞ്ചാമത് ബിസിസിഐ അപെക്സ് കൗണ്‍സില്‍ അംഗങ്ങള്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയെടുത്ത തീരുമാനത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ട്വിറ്ററില്‍ അഭിനന്ദിക്കുകയും ചെയ്തു. ക്രിക്കറ്റ് പല തരത്തില്‍ തുല്യത നേടിയിട്ടുണ്ട്. ഗെയിമിലെ ലിംഗസമത്വത്തിലേക്കും കായികരംഗത്തെ വിവേചനം തുടച്ചുനീക്കുന്നതിനുമുള്ള സ്വാഗതാര്‍ഹമായ ചുവടുവയ്പ്പാണിതെന്നുമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചത്.

പുതിയ തീരുമാനം താരങ്ങളെ എങ്ങനെ ബാധിക്കും?

വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷം രൂപയും ഏകദിന മത്സരങ്ങള്‍ക്ക് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയും ഇങ്ങനെയാണ് താരങ്ങളുടെ മാച്ച് ഫീ.

”ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ശരിക്കും ഒരു ചുവന്ന അക്ഷര ദിനം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശമ്പള തുല്യത പ്രഖ്യാപിച്ചു. @BCCI, @JayShah എന്നിവര്‍ക്ക് നന്ദി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു,

ഇതുവരെ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് 4 ലക്ഷം രൂപയും ടി20, ഏകദിനം എന്നിവയ്ക്ക് ഒരു ലക്ഷം രൂപയുമാണ് ലഭിച്ചിരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റില്‍, മാച്ച് തിരിച്ചുള്ള ഫീസ് കൂടാതെ, ഒരു റിട്ടൈനര്‍ഷിപ്പ് പേയ്മെന്റ് സംവിധാനമുണ്ട്. എ ഗ്രേഡിലുള്ള വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 50 ലക്ഷം രൂപയും ഗ്രേഡ് ബിക്ക് 30 ലക്ഷം രൂപയും ഗ്രേഡ് സി ക്രിക്കറ്റ് താരങ്ങള്‍ക്ക് 10 ലക്ഷം രൂപയും മാച്ച് ഫീസിന് പുറമെ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡില്‍ തുടങ്ങി ഗ്രേഡ് അനുസരിച്ച് ഏഴ് കോടി മുതല്‍ ഒരു കോടി രൂപ വരെയാണ് പ്രതിഫലം. ഇതില്‍ ഒരു മാറ്റവും ഇപ്പോഴില്ല.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുരുഷന്മാര്‍ക്ക് നല്‍കുന്ന മാച്ച് ഫീ വനിതാ താരങ്ങള്‍ക്കും നല്‍കും. ഈ തീരുമാനം ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കും. വനിതാ ക്രിക്കറ്റിനും ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ ബിസിസിഐയുടെ പുതുതായി നിയമിതനായ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

കായിക മേഖലയില്‍ വേതന തുല്യത കൊണ്ടുവരുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണോ?

2022 ജൂലൈയില്‍ ന്യൂസിലന്‍ഡ് ആയിരുന്നു പുരുഷ- വനിതാ താരങ്ങള്‍ക്ക്
തുല്യവേതനം നടപ്പാക്കിയ ആദ്യ രാജ്യം. രാജ്യത്തെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഗവേണിംഗ് ബോഡിയായ ന്യൂസിലന്‍ഡ് ക്രിക്കറ്റും താരങ്ങളുടെ അസോസിയേഷനും അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. എല്ലാ ഫോര്‍മാറ്റുകളിലും മത്സരങ്ങളിലും പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീസ് വനിതകള്‍ക്കും ലഭിക്കും. യാത്ര, താമസം, മത്സരങ്ങളും പരിശീലന അന്തരീക്ഷവും തുടങ്ങിയ കാര്യങ്ങളിലും തുല്യത ഉണ്ടാകും.

പുരുഷ ക്രിക്കറ്റിന് തുല്യമായി വനിതാ ക്രിക്കറ്റിനെയും കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഓസ്ട്രേലിയയും ഈ വര്‍ഷം രാജ്യത്ത് ക്രിക്കറ്റിനെ ജനപ്രിയമാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 5-12 വയസ് പ്രായമുള്ള ക്രിക്കറ്റ് കളിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം ഇരട്ടിയാക്കി 2,10,000 ആക്കാനും ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം നാലിരട്ടിയാക്കാനും രാജ്യത്തെ പ്രൊഫഷണല്‍, അമേച്വര്‍ ക്രിക്കറ്റിന്റെ ഭരണസമിതിയായ ക്രിക്കറ്റ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ത്രീകളുടെ വേതനത്തിലും ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

അതുപോലെ, ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്മിനിസ്‌ട്രേറ്റേഴ്സ് കമ്മിറ്റി, 2022 മെയ് മാസത്തില്‍, എല്ലാ ദേശീയ സോണല്‍ ടൂര്‍ണമെന്റുകളിലും – പ്രായഭേദമന്യേ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ സമ്മാനത്തുക വാഗ്ദാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

യുഎസ് സോക്കര്‍ അസോസിയേഷനുകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനത്തിനുള്ള കരാറുകള്‍ നല്‍കാന്‍ ചര്‍ച്ചകള്‍ നടന്നു. ഇത് ഒരു അപൂര്‍വതയാണ്, മിക്ക കായിക ഇനത്തിലും പുരുഷന്മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ ഉയര്‍ന്ന ഫീസ് ലഭിക്കുന്നത് കാണുന്നു – അവര്‍ ഓരോ സീസണിലും കൂടുതല്‍ ഗെയിമുകള്‍ കളിക്കുന്നു, കൂടാതെ അവരുടെ ആരാധക പിന്തുണ അടിസ്ഥാനമാക്കി അവര്‍ക്ക് കൂടുതല്‍ പരസ്യങ്ങളും കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പും ലഭിക്കും. എന്നിരുന്നാലും, തുല്യമായ ഫീസ് കൂടുതല്‍ സ്ത്രീകളെ ഈ മേഖലയിലേക്ക് എത്താന്‍ പ്രേരിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍.