ആൻഡമാൻ ആൻഡ് നിക്കോബാര്‍ ദ്വീപിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ, ലേബർ കമ്മീഷണർ ആർ എൽ ഋഷി എന്നിവർക്കെതിരായ കൂട്ടബലാത്സംഗത്തിന്റേയും ലൈംഗീക അതിക്രമത്തിന്റേയും കേസുകള്‍ അന്വേഷിക്കുന്ന സംഘം തെളിവുകളും പ്രധാന സാക്ഷി മൊഴികളും രേഖപ്പെടുത്തി. സെക്സ് റാക്കറ്റിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് തെളിവുകളും മൊഴികളുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ പരാതിയിലാണ് അന്വേഷണം.
ഇതിന്റെ ഭാഗമായി ഇരുപതിലധികം പെണ്‍കുട്ടികളെ നരേനിന്റെ പോര്‍ട്ട് ബ്ലെയറിലെ വസതിയിലെത്തിച്ചതായും ആരോപണമുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് പകരം ജോലി ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒക്ടോബര്‍ 28-ന് മുന്‍പ് നരേന്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം ഒക്ടോബര്‍ ഇരുപത്തിയെട്ടാണ് ഹാജരാകേണ്ട അവസാന ദിനം.
നരേനിന്റേയും ഋഷിയുടേയും ഫോണ്‍ റെക്കോര്‍ഡുകള്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന ക്ലോസ് സർക്യൂട്ട് (സിസിടിവി) ക്യാമറ സംവിധാനത്തിന്റെ ഡിവിആറിന്റെ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) ഹാർഡ് ഡിസ്‌കില്‍ കൃത്രിമം നടത്തിയതായും അന്വേഷണസംഘം സ്ഥിരീകരിക്കുന്നു.
ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായി ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും പ്രാദേശിക സിസിടിവി വിദഗ്ധനും മൊഴി നൽകിയതായാണ് സൂചന.
ആരോപണങ്ങൾ നിഷേധിച്ച നരേൻ, ആഭ്യന്തര മന്ത്രാലയത്തിനും ആന്‍ഡമാന്‍ അഡ്മിനിസ്ട്രേഷനും അയച്ച കത്തിൽ തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നും കേസ് വ്യാജമാണെന്നതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നും പറയുന്നു.
നരേനെ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല. കോടിതിക്ക് മുന്‍പിലിരിക്കുന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.