പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിൽ പുതിയ വഴിത്തിരിവ്, ‘സഹോദരിക്ക്’ പങ്കുണ്ടെന്ന് സംശയം

0
94

പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിൽ പുതിയ വഴിത്തിരിവ്. പ്രശസ്ത പഞ്ചാബി പിന്നണി ഗായിക അഫ്‌സാന ഖാനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അഫ്‌സാനയെ അഞ്ച് മണിക്കൂറാണ് എൻഐഎ ചോദ്യം ചെയ്തത്. സിദ്ധു മൂസേവാലയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇവർ തന്റെ സഹോദരനായാണ് ഗായകനെ കണക്കാക്കിയിരുന്നത്.

അഫ്‌സാന ഖാന്റെ ചോദ്യം ചെയ്യൽ

കേസിൽ ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളുടെ കണ്ണികളെക്കുറിച്ച് എൻഐഎ സംഘത്തിന് അഫ്‌സാനയിൽ നിന്ന് വിവരം ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മൂസേവാലയുടെ കൊലപാതകത്തിൽ അഫ്സാന ഖാന് പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻഐഎ നടത്തിയ രണ്ടാം ഘട്ട റെയിഡിൽ ഗായികയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ലോറൻസ് ബിഷ്‌ണോയി-ഗോൾഡി ബ്രാർ സംഘത്തിന്റെ എതിർ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്സാനയ്ക്ക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ സംശയം. മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിഷ്ണോയി സംഘം കേസിലെ പ്രതികളായത്.

മുസേവാലയും അഫ്‌സാനയും

അഫ്സാന ഖാനെയും സിദ്ധു മുസേവാലയെയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നു. മുസേവാലയെ തന്റെ സഹോദരനായാണ് അഫ്‌സാന കണക്കാക്കിയത്. മുസേവാല അഫ്‌സാനയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുസേവാലയ്ക്കൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും അഫ്സാന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടിട്ടുണ്ട്. മൂസേവാല കൊല്ലപ്പെട്ട ശേഷവും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഗായിക പങ്കുവെയ്ക്കാറുണ്ട്. മൂസേവാലയുടെ കുടുംബത്തിനൊപ്പമുള്ള അഫ്‌സാനയുടെ ചിത്രങ്ങളുമുണ്ട്. തന്റെ സഹോദരന് നീതി ലഭിക്കണമെന്ന് അഫ്സാന അപേക്ഷിക്കുന്നതും കാണാം.

സിദ്ധുവിന്റെ കൊലപാതകം

കരിയറിന്റെ ഉന്നതിയിലിരിക്കെയാണ് സിദ്ദു മുസേവാല കൊല്ലപ്പെടുന്നത്. മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ചായിരുന്നു മൂസെവാലയെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമായ അങ്കിത് സിർസ വെടിവച്ചു കൊന്നത്. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകം. വെടിയേറ്റ് 15 മിനിറ്റിനുള്ളിൽ മൂസെവാല മരിച്ചു. ശരീരത്തിലേക്ക് 19 ബുള്ളറ്റുകൾ തുളച്ചുകയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചിരുന്നു. മുസേവാല മരിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഗായകന് നീതി ലഭിച്ചിട്ടില്ല. മുസേവാലയുടെ കുടുംബവും ആരാധകരും നീതിക്കായി നിരന്തരം അപേക്ഷിക്കുകയാണ്.

ഇതിനിടെ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തിയിരുന്നു. ദീപക്ക് ടിനുവിനെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ രാജസ്ഥാനിലെ അൽവാറിൽ നിന്ന് പിടികൂടിയത്. ഒക്ടോബർ ഒന്നിനാണ് പഞ്ചാബ് പൊലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടത്. പിടിയിലാകുമ്പോൾ പ്രതിയുടെ പക്കൽ നിന്ന് അഞ്ച് ഗ്രനേഡുകളും രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.

രക്ഷപ്പെട്ടതിന് ശേഷം ശേഷം ടിനു തന്റെ ഒളിത്താവളം മാറ്റിക്കൊണ്ടിരുന്നതായി സ്പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ സെൽ) എച്ച്ജിഎസ് ധലിവാൾ പറഞ്ഞു. ഇയാൾക്കായി ഡൽഹി പോലീസ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായ ഓപ്പറേഷൻ നടത്തിയിരുന്നു. പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്നും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ധലിവാൾ പറഞ്ഞു. അസർബൈജാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളായ രോഹിത് ഗോദര, സമ്പത്ത് നെഹ്റ, യൂറോപ്പ് കേന്ദ്രീകരിച്ചുള്ള അൻമോൽ ബിഷ്ണോയിയുടെ പഴയ കൂട്ടാളിയായ ജാക്ക് എന്നിവർ ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ ടിനുവിനെ സഹായിച്ചതായി പോലീസ് പറയുന്നു.

ഒക്ടോബർ ഒന്നിന് രാത്രി 11 മണിയോടെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (സിഐഎ)യിലെ ഒരു ഉദ്യോഗസ്ഥനൊപ്പമുണ്ടായിരുന്ന പ്രതി തക്കം നോക്കി രക്ഷപ്പെടുകയായിരുന്നു. ഇത് പഞ്ചാബ് പോലീസിന് വലിയ നാണക്കേടായി. പിന്നാലെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ മാസം ആദ്യം, മുംബൈ വിമാനത്താവളത്തിൽ നിന്ന് മാലിദ്വീപിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ ടിനുവിന്റെ സുഹൃത്തായ യുവതിയെ പഞ്ചാബ് പോലീസ് സംഘം പിടികൂടിയിരുന്നു. ടിനു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ യുവതിയും ഒപ്പമുണ്ടായിരുന്നു.

2017ൽ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന ടിനു, ഹരിയാനയിൽ നിന്നുള്ള മറ്റൊരു ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ കുരുമുളക് സ്പ്രേ എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആ വർഷം ഡിസംബറിൽ ബെംഗളൂരുവിൽ നിന്ന് ഭിവാനി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മൂസേവാല കൊലക്കേസിൽ ടിനു ഉൾപ്പെടെ 24 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയിയുടെയും ജഗ്ഗു ഭഗവാൻപുരിയയുടെയും അടുത്ത സഹായിയായ ടിനു അവരോടൊപ്പം വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ ടിനുവിന് പങ്കുണ്ടെന്നാണ് ആരോപണം.