കർണാടകയിൽ 24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിയിച്ച് റാംബോ എന്ന പൊലീസ് നായ

0
32

കർണാടകയിൽ 24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിയിച്ച് റാംബോ എന്ന പൊലീസ് നായ. ഹൊസഹള്ളിയിലെ 60 വയസ്സുള്ള ഒരാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് റാംബോ പ്രതിയെ പിടികൂടാൻ സഹായിച്ചത്. സംഭവ സ്ഥലത്തെത്തിയ നായ മണം പിടിച്ച് പ്രതിയുടെ വീട്ടിലെത്തുകയും നിർണായക തെളിവുകൾ കണ്ടെത്തുകയുമായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ തന്നെ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

ഷിരാട്ടി താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മകന്റെ പരാതിയിൽ കേസെടുത്ത ജില്ലാ ക്രൈം യൂണിറ്റ് ഉടൻ തന്നെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. പിന്നാലെ സേനയിലെ ഏറ്റവും മിടുക്കനായ നായയായ റാംബോയെ തന്നെ തെളിവ് കണ്ടെത്താൻ രംഗത്തിറക്കുകയായിരുന്നു. കൊല്ലപ്പെട്ടയാൾക്ക് അയൽവാസിയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ ബന്ധത്തിൽ പ്രകോപിതരായ പ്രതികൾ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

ഈ വർഷം മേയിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി കർണാടക പോലീസ് 2.5 കോടി രൂപ ചെലവഴിച്ച് 50 നായ്ക്കളെ ഡോഗ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ എന്നിവ കണ്ടെത്തുന്നതിൽ ഡോഗ് സ്‌ക്വാഡിന് പ്രധാന പങ്കുണ്ടെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള പൊലീസ് നായകളുടെ സംഘത്തെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും മികച്ച പരിശീലനം നൽകുമെന്നും അദ്ദേഹം ഭാവിയിൽ വനിതാ കോൺസ്റ്റബിൾമാരെ നായപരിശീലകരായി നിയമിക്കാനും കർണാടക പോലീസ് വകുപ്പ് ആലോചിക്കുന്നുണ്ട്.