സർവകലാശാലകളിൽ ഏകാധിപത്യ ഭരണത്തിന്‌ ശ്രമം: മന്ത്രി പി രാജീവ്‌

0
82

കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ ഭരണസംവിധാനം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി മന്ത്രി പി രാജീവ്‌. സർവകലാശാലകളുടെ മികവും വിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും തകർക്കാനാണ്‌ ശ്രമമമെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്തവിധം നമ്മുടെ സർവകലാശാല ഭരണസമിതികളിൽ കേരളീയ സമൂഹത്തിന്റെ പരിച്ഛേദം പ്രതിഫലിക്കുന്നുണ്ട്‌. സെനറ്റിൽ തൊഴിലാളി പ്രാതിനിധ്യംവരെയുണ്ട്‌. കേരളത്തിൽനിന്നുള്ളവർ പുറത്തേക്ക്‌ പോകുകയാണെന്നും ഇവിടെയാകെ കുഴപ്പമാണെന്നും ചിലർ പറയുന്നു. എന്നാൽ, മലയാളികൾ പല രാജ്യങ്ങളിലും ഉന്നതസ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്‌ കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ മികവിന്‌ ഉദാഹരണമാണ്‌.

സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ ഏറ്റവും കൂടതൽ ഫണ്ട്‌ വകയിരുത്തിയത്‌ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കാണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഗ്രേഡ്‌ കരസ്ഥമാക്കിയ പൊതു സർവകലാശാലകൾ കേരളത്തിലാണ്‌. സർക്കാരിന്റെ ബദൽ നയങ്ങൾ ജനങ്ങൾ അനുഭവിക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് ജാഗ്രത വേണം. ഓഫീസിൽ വരുന്നവർ ഉദ്യോഗസ്ഥരിൽനിന്ന്‌ സർക്കാരിന്റെ ജനപക്ഷമുഖം തിരിച്ചറിയണം. രാജ്യത്തെ ഗുരുതര പ്രശ്നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്ന കാലമാണിത്‌. വിഭജനത്തിന്റെ രാഷ്ട്രീയം രാജ്യത്ത്‌ പ്രചരിപ്പിക്കുകയാണ്‌. ഇന്ത്യ ഐക്യത്തോടെ നിൽക്കുന്നതിനെ ഇവർ ഭയപ്പെടുകയാണെന്നും പി രാജീവ്‌ പറഞ്ഞു.