മനുഷ്യവിസർജ്യം നേരിട്ട് കൈകാര്യം ചെയ്യേണ്ടതില്ല; ശുചീകരണ തൊഴിലാളികൾക്കായി ‘നമസ്തേ’ പദ്ധതി

0
86

ശുചീകരണ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നാഷണൽ ആക്ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം അഥവാ നമസ്തേ. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും പാർപ്പിട നഗര കാര്യ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുന്നതിലും പരിസ്ഥിതി പരിപാലനത്തിലും ശുചീകരണത്തൊഴിലാളികളുടെ പങ്ക് അം​ഗീകരിച്ചു കൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അവർക്ക് സുസ്ഥിരമായ ഉപജീവനമാർഗം പ്രദാനം ചെയ്യുക എന്നതും നമസ്തേയുടെ ലക്ഷ്യമാണ്. ശുചീകരണത്തൊഴിലാളികൾക്ക് സുരക്ഷിതമായ ഉപകരണങ്ങളും മറ്റ് സുരക്ഷാ സാമ​ഗ്രികളും വിതരണം ചെയ്യുന്നതിലും പദ്ധതി ശ്രദ്ധ ചെലുത്തുന്നു.

താഴെ പറയുന്നവയാണ് നമസ്തേ പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ

1. ശുചീകരണത്തൊഴിലാളികളുടെ പരാതികൾ കേൾക്കുക, അവർക്ക് സ്വയം തൊഴിലും മെച്ചപ്പെട്ട വേതനവും അവസരങ്ങളും നൽകുക.

2. ശുചീകരണ തൊഴിലാളികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്തുക. ശുചിത്വ സേവനങ്ങളുടെ ആവശ്യം എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക.

3. എല്ലാ ശുചീകരണ പ്രവർത്തനങ്ങളും വിദഗ്ധ തൊഴിലാളികളാണ് നടത്തുന്നതെന്ന് ഉറപ്പാക്കുക.

4. ശുചീകരണ തൊഴിലാളികൾ ആരും തന്നെ മനുഷ്യവിസർജ്യം നേരിട്ട് കൈകാര്യം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക.

5. ശുചീകരണ തൊഴിലാളിൾക്ക് ശുചീകരണ സംരംഭങ്ങൾ നടത്തുന്നതിനുള്ള അനുമതി നൽകുക.

6. എല്ലാ മാലിന്യ, സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികൾക്കും ഇതര ഉപജീവനമാർഗങ്ങൾ തേടാൻ സാധിക്കും എന്ന് ബോധ്യപ്പെടുത്തുക.

7. സുരക്ഷിതമായ ശുചിത്വ പ്രവർത്തനങ്ങളുടെ നിർവ്വഹണവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന, തലങ്ങളിൽ സൂപ്പർവൈസറി, മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.

8. രജിസ്റ്റർ ചെയ്തതും വൈദഗ്ധ്യമുള്ളതുമായ ശുചീകരണ തൊഴിലാളികളിൽ നിന്ന് സേവനങ്ങൾ തേടുന്നതിന് വ്യക്തികളിലും സ്ഥാപനങ്ങളിലും അവബോധം വർദ്ധിപ്പിക്കുക.

ആദ്യ ഘട്ടത്തിൽ അഞ്ഞൂറ് നഗരങ്ങളെയാണ് നമസ്‌തേ പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. അർഹതയുള്ള നഗരങ്ങൾ ഏതു വിഭാ​ഗത്തിൽപ്പെടണം എന്ന കാര്യമാണ് ചുവടെ നൽകിയിരിക്കുന്നത്.

1. മുൻസിപ്പാലിറ്റികൾക്കു കീഴെയുള്ള, കന്റോൺമെന്റ് ബോർഡുകൾ ഉൾപ്പെടെയുള്ള, ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളും പട്ടണങ്ങളും. ഇവയെല്ലാം ജനവാസമുള്ള സ്ഥലങ്ങൾ ആയിരിക്കണം

2. എല്ലാ തലസ്ഥാന നഗരങ്ങളും ഓരോ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും

3. മലയോര സംസ്ഥാനങ്ങൾ, ദ്വീപുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് നഗരങ്ങൾ (ഓരോ സംസ്ഥാനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പാടില്ല).

എല്ലാ ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആയുഷ്യമാൻ ഭാരത്- പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) യുടെ കീഴിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.

നാലു വർഷത്തേക്ക് 1000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.