ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് അരി എത്തിക്കാൻ ആന്ധ്രാ സർക്കാരുമായി കരാറിലേർപ്പെടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എംടിയു 3626 (ബൊണ്ടാലു) ജയ അരിയാണ് എത്തിക്കാൻ ശ്രമിക്കുന്നത്. ഈ അരിയുടെ 60000 മെട്രിക് ടൺ ആണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. വൈകാതെ രണ്ട് സർക്കാരുകളും ഇത് സംബന്ധിച്ച കരാറിൽ ഏർപ്പെടുമെന്ന് ആന്ധ്രാ പ്രദേശ് സിവിൽ സപ്ലൈസ് മന്ത്രി കരുമുറി വെങ്കിട നാഗേശ്വര റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുഴുങ്ങിയ അരിയാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം മെട്രിക് ടണ്ണായിരിക്കും ഇതിൻ്റെ അളവ്, ഇത് പുഴുങ്ങുമ്പോൾ 60000 മെട്രിക് ടണ്ണായി മാറും. കേരളാ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഉദ്യോഗസ്ഥരും വിജയവാഡയിലെത്തി ആന്ധ്രാ സിവിൽ സപ്ലൈസ് മന്ത്രിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ അരി വിലയിൽ വലിയ വർദ്ധന ഉണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
ഇരു സംസ്ഥാനങ്ങളും തമ്മിൽ അവശ്യവസ്തുക്കൾ പരസ്പരം വാങ്ങാനുള്ള പദ്ധതികളുമുണ്ട്. അരിയോടൊപ്പം ധാന്യങ്ങളും, ചോളവും വറ്റൽ മുളകും വാങ്ങാമെന്നും കേരളം അറിയിച്ചിട്ടുണ്ടെന്ന് നാഗേശ്വര റാവു, അനിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് ആവശ്യമുള്ള അരിയുടെ ഏകദേശ കണക്കാണ് നിലവിൽ നൽകിയിരിക്കുന്നത്. കൃത്യമായി വേണ്ട അളവ് എത്രയാണെന്ന് ഒക്ടോബർ 21-നകം ആന്ധ്രയെ അറിയിക്കാമെന്നാണ് കേരളം വ്യക്തമാക്കിയിട്ടുള്ളത്.
ഓരോ മാസവും 550 ടൺ വറ്റൽ മുളക് കേരളത്തിന് ആവശ്യമായി വന്നേക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമേ 4500 ടൺ ജയ അരിയും 550 ടൺ വറ്റൽ മുളകും കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി ആന്ധ്രാ പ്രദേശ് സിവിൽ സപ്ലൈസ് വകുപ്പും മാർക്ക്ഫെഡുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ് കേരളം. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ എടുക്കുന്നതിനായി ഒക്ടോബർ 27-ന് രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നുണ്ട്.
മുൻകാലങ്ങളിൽ ആന്ധ്രയിൽ നിന്നുള്ള ജയ അരിക്ക് കേരളത്തിൽ വൻ ഡിമാൻഡ് ഉണ്ടായിരുന്നു. എന്നാൽ, അടുത്ത കാലത്തായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അരി ലഭിക്കാൻ തുടങ്ങിയതോടെ ഇതിന് കുറവുണ്ടായി. എന്നാൽ, ജയ അരിയുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് അരി വിപണിയിലെത്താൻ തുടങ്ങിയതോടെയാണ് കേരളം വീണ്ടും ആന്ധ്രയുടെ സഹായം തേടാൻ തീരുമാനിച്ചത്.
ആന്ധ്രയിലെ ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിൽ റാബി വിളവെടുപ്പിൻ്റെ കാലത്ത് മാത്രമാണ് ജയ അരി കൃഷി ചെയ്തിരുന്നത്. എന്നാൽ, ഇതിൻ്റെ ഡിമാൻഡ് കുറഞ്ഞതോടെ കർഷകർ ഈ അരി കൃഷി ചെയ്യുന്നത് സർക്കാർ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, കേരളത്തിൽ നിന്ന് ആവശ്യം ഉയർന്നതോടെ, നല്ല വില വാഗ്ദാനം ചെയ്യുകയാണെങ്കിൽ, കർഷകർക്ക് ഉപകാരപ്രദമാകും എന്ന കണക്കുകൂട്ടലിലാണ് ആന്ധ്ര.
പുതുതായി അവതരിപ്പിച്ച മൊബൈൽ ഡിസ്പെൻസറി യൂണിറ്റിലൂടെ എല്ലാ വീടുകളിലും നേരിട്ട് റേഷൻ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയ ആന്ധ്രാ സർക്കാരിനെ കേരളത്തിൽ നിന്നുള്ള സംഘം അഭിനന്ദിച്ചു. ആന്ധ്രാ പ്രദേശ് സിവിൽ സപ്ലൈസ്, കൺസ്യൂമർ അഫെയേഴ്സ് കമ്മീഷണർ എച്ച് അരുൺ കുമാറും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.