ഡ്രോണുകൾക്ക് പുറമെ ഉപരിതല മിസൈലുകൾ അടക്കം റഷ്യയ്ക്ക് കൂടുതൽ സൈനിക സഹായം നൽകുമെന്ന് ഇറാൻ. രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും ഇറാനിയൻ നയതന്ത്രജ്ഞരുമാണ് ഇക്കാര്യം അറിയിച്ചത്. റോയിട്ടേഴ്‌സിനോടാണ് അവരുടെ പ്രതികരണം. റഷ്യയെ സഹായിക്കാനുള്ള ഇറാന്റെ നീക്കം അമേരിക്കയേയും മറ്റ് പാശ്ചാത്യ ശക്തികളേയും പ്രകോപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ആയുധങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇറാൻ റഷ്യയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഒക്ടോബർ 6-ന് ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറും ഇറാന്റെ ശക്തരായ റെവല്യൂഷണറി ഗാർഡുകളിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനുമായാണ് കരാറിൽ ഒപ്പുവെച്ചത്. ഇറാൻ നേതാക്കളുടെ മോസ്‌കോ സന്ദർശനത്തിനിടെയാണിത്.
‘റഷ്യക്കാർ കൂടുതൽ ഡ്രോണുകളും മെച്ചപ്പെട്ട കൃത്യതയോടെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ആവശ്യപ്പെട്ടിരുന്നു’ യാത്രയെക്കുറിച്ച് വിശദീകരിച്ച ഇറാനിയൻ നയതന്ത്രജ്ഞരിലൊരാൾ പറഞ്ഞു. സോൾഫഗർ ഉൾപ്പെടെയുള്ള ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ നൽകാൻ ഇറാനും റഷ്യയും തമ്മിൽ കരാർ നിലവിലുണ്ടെന്ന് ഒരു പാശ്ചാത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഷാഹെദ്-136 ആണ് ഇറാൻ വിതരണം ചെയ്യാൻ സമ്മതിച്ച ഡ്രോണുകളിൽ ഒന്ന്. ‘കാമികേസ്’ എയർ-ടു-സർഫേസ് ആക്രമണ വിമാനമായി ഉപയോഗിക്കുന്ന ഡെൽറ്റ ചിറകുള്ള ആയുധമാണിത്. 300 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ഇറാനിയൻ ഹ്രസ്വദൂര ഉപരിതല ബാലിസ്റ്റിക് മിസൈലുകളാണ് ഫത്തേ-110, സോൾഫഗർ എന്നിവ.
ഇറാൻ നിർമ്മിത ഷഹെദ്-136 ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ആക്രമണങ്ങൾ യുക്രെയ്‌നിൽ റിപ്പോർട്ട് ചെയ്തിരുന്നു. യുക്രെയ്‌നിൽ ഉപയോഗിക്കുന്നതിനായി റഷ്യയ്ക്ക് ഇറാൻ ഡ്രോണുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നുവെന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച തള്ളിക്കളഞ്ഞിരുന്നു.
ഉക്രെയ്‌നുമായുള്ള യുദ്ധത്തിൽ മോസ്‌കോയുടെ ആയുധപ്പുരയിൽ ഡ്രോണുകൾക്ക് പുറമെ ഇറാനിയൻ മിസൈലുകളും പ്രത്യക്ഷപ്പെടുന്നത് ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് വിലയിരുത്തൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഡ്രോണുകൾ ഉപയോഗിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. എന്നാലിത് മോസ്‌കോ നിഷേധിക്കുകയും ചെയ്തു.