Monday
22 December 2025
27.8 C
Kerala
HomeIndiaതമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങളുമായി അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വച്ചു.

നിര്‍ണ്ണായക വിവരങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാം രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ നിര്‍ദ്ദേശിച്ച ചികിത്സ നല്‍കിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ ലഭിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

2015 ഡിസംബർ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, ഡിസംബർ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു .

റിപ്പോര്‍ട്ടില്‍ 4 പ്രമുഖര്‍ക്കെതിരെ അന്വേഷണം ശുപാര്‍ശ ചെയ്യുന്നു. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാമമോഹന റെഡ്ഡിക്കെതിരെയും റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.

608 പേജുള്ള റിപ്പോര്‍ട്ട് ആണ് ജസ്റ്റീസ് അറുമുഖ സ്വാമി സഭയില്‍ സമര്‍പ്പിച്ചത്. ജയലളിതയുടെ മരണത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ആക്കം നല്‍കുന്ന റിപ്പോര്‍ട്ട് ആണ് ജസ്റ്റീസ് അറുമുഖ സ്വാമി സമര്‍പ്പിച്ചിരിയ്ക്കുന്നത്.

നേരത്തെ, 608 പേജുള്ള തമിഴിലും 500 പേജുകളുള്ള ഇംഗ്ലീഷിലുമുള്ള അന്തിമ റിപ്പോർട്ട് ആഗസ്റ്റ് 27നാണ് കമ്മീഷൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമർപ്പിച്ചത്. ജയലളിതയുമായി ബന്ധപ്പെട്ട് 159 സാക്ഷികൾ കമ്മീഷനുമുമ്പാകെ ഹാജരായി തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു. മുൻ മുഖ്യമന്ത്രി പനീർശെൽവമടക്കം 154 സാക്ഷികളെയാണ് കമ്മീഷൻ വിസ്തരിച്ചു. 2017ൽ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി 14 തവണ നീട്ടി നൽകിയിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജയലളിതയുടെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്ന് DMK നേതാവ് സ്റ്റാലിന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ എല്ലാ കണ്ണുകളും മുഖ്യമന്ത്രി സ്റ്റാലിനിലേയ്ക്കാണ്. അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടിൻമേൽ ഡിഎംകെ സർക്കാർ കൈക്കൊള്ളുന്ന നടപടി എന്താവും എന്നാണ് ഇപ്പോള്‍ ചര്‍ച്ച.

RELATED ARTICLES

Most Popular

Recent Comments