റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ബിജെപി മേഖല സെക്രട്ടറിക്കെതിരെ നടപടി

0
50

റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ ബിജെപി നേതാവിനെ പാർടി ചുമതലകളിൽനിന്ന് പുറത്താക്കി. ബിജെപി എറണാകുളം മേഖല സെക്രട്ടറി കട്ടപ്പന സ്വദേശി ജെ ജയകുമാറിനെതിരെയാണ് നടപടി. കഴിഞ്ഞ 10ന് കോട്ടയത്ത് നടന്ന സംസ്ഥാന കോർ കമ്മിറ്റിയിലായിരുന്നു തീരുമാനം.

ആറര ലക്ഷം രൂപ വീതം 39 പേരിൽ നിന്നായി തട്ടിയെടുത്തെന്നാണ്‌ ജയകുമാറിനെതിരായ ആരോപണം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറിമാരായ എം ഗണേശൻ, കെ സുഭാഷ് എന്നിവർക്ക് ഉടുമ്പൻചോല നിയോജകമണ്ഡലം മുൻ പ്രസിഡന്റ് കെ രാധാകൃഷ്ണൻ പരാതിനൽകിയിരുന്നു. രാധാകൃഷ്ണന്റെ മകൻ, ബിജെപി പ്രവർത്തകനായ അയൽവാസിയുടെ മകൻ എന്നിവരിൽനിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

പാർടി നിയോഗിച്ച കമീഷൻ അന്വേഷണവും നടത്തി. തൃശൂർ, കോയമ്പത്തൂർ, കർണാടക എന്നിവിടങ്ങളിൽ ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തി മൂന്നുമാസത്തിനുള്ളിൽ ജോലി ഉറപ്പുനൽകിയിരുന്നുവെന്ന്‌ കണ്ടെത്തി. പിന്നീട് നേതാവ് ഒഴിഞ്ഞുമാറിയതോടെയാണ് പരാതി ഉയർന്നത്‌.