ഇ ബുൾ ജെറ്റിന് തിരിച്ചടി: വാഹനം വിട്ടുകിട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

0
184

മോട്ടോർ വാഹനനിയമം ലംഘിച്ചതിന്‌ കസ്‌റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പൂർവസ്ഥിതിയിലാക്കാനും കോടതി നിർദേശിച്ചു.

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ യുട്യൂബ് വ്‌ളോഗറും കണ്ണൂർ കിളിയന്തറ സ്വദേശിയുമായ എബിൻ വർഗീസ്‌ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ സിയാദ്‌ റഹ്‌മാൻ തള്ളിയത്‌. വാൻ പൂർവസ്ഥിതിയിലാക്കണമെന്ന തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയുടെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.

അപകടകരമായരീതിയിൽ രൂപമാറ്റംവരുത്തുകയും നികുതി അടയ്‌ക്കാതിരിക്കുകയും ചെയ്‌തതോടെയാണ്‌ വാൻ മോട്ടോർവാഹനവകുപ്പ്‌ കസ്‌റ്റഡിയിലെടുത്തത്‌. രൂപമാറ്റംവരുത്തിയ വാഹനം പൂർവസ്ഥിതിയിലാക്കി, കോടതിയിൽ ഹാജരാക്കിയശേഷം അപേക്ഷ നൽകാനായിരുന്നു തലശേരി മജിസ്‌ട്രേട്ട്‌ കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഉടമയോട്‌ നിർദേശിച്ചത്‌. എന്നാൽ, ഈ ഉത്തരവിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വാഹനം പൂർവസ്ഥിതിയിലാക്കാൻ ലോറിയിലോ ട്രക്കിലോ മാത്രമേ കൊണ്ടുപോകാവൂവെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. നിയമലംഘനങ്ങൾ പരിഹരിച്ചുവെന്ന്‌ എംവിഡിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനം റോഡിൽ ഇറക്കരുതെന്നുമാണ്‌ ഉത്തരവ്‌.