പാലക്കാട് എ വി ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെ തൃത്താലയില്‍ വി ടി ബല്‍റാമിനെതിരെയും കോണ്‍ഗ്രസില്‍ പടയൊരുക്കം. മുന്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബല്‍റാമിനെതിരെ തൃത്താലയില്‍ യോഗം ചേര്‍ന്നു. എ വി ഗോപിനാഥിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ തൃത്താലയില്‍ ബല്‍റാമിനെതിരെ വിമത നീക്കമുണ്ടാകുമെന്നാണ് എതിര്‍വിഭാഗത്തിന്റെ ഭീഷണി.
പാലക്കാട് ഡിസിസിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ സി വി ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് തൃത്താലയിലെ വിമത നീക്കം. നേതൃത്വം സി.വി. ബാലചന്ദ്രനെ അവഗണിക്കുകയാണെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സി വി ബാലചന്ദ്രനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ തൃത്താലയില്‍ യോഗം ചേര്‍ന്നു.
എ വി ഗോപിനാഥിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നവര്‍ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും സി വി ബാലചന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ഉയര്‍ത്തുന്നു. ബല്‍റാം ഗുരുവായൂരിലേക്കു മാറി തൃത്താല സി.വി. ബാലചന്ദ്രന് വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.