ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് : ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

0
64

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ രണ്ടുഘട്ടത്തിലെ 60 സീറ്റിലെ ഇടതുമുന്നണി സ്ഥാനാർഥികൾ മത്സരിക്കുന്ന 37സീറ്റിലെ പട്ടികയാണ്‌ പ്രഖ്യാപിച്ചത്‌.

സിപിഐ എം 28 സീറ്റിൽ മത്സരിക്കും. സിപിഐ അഞ്ചിടത്തും ഫോർവേർഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി എന്നിവ രണ്ടുവീതം സീറ്റിലും മത്സരിക്കും. മുന്നണി പിന്താങ്ങുന്ന സംയുക്തമോർച്ചയിലെ കോൺഗ്രസ്‌, ഐഎസ്‌എഫ്‌ കക്ഷികളുടെ സ്ഥാനാർത്ഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

കോൺഗ്രസ്‌ 12 ഇടത്തും ഐഎസ്‌എഫ്‌ അഞ്ചുസീറ്റിലും മത്സരിക്കും. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, കോൺഗ്രസ് നേതാവ്‌ പ്രദീപ് ഭട്ടാചര്യ, ഐഎസ്എഫ് നേതാവ് സിമൽ സൗരൻ എന്നിവർ ചേർന്നാണ്‌ പട്ടിക പുറത്തിറക്കിയത്‌.

മുൻമന്ത്രിമാരായ സുശാന്ത് ഘോഷ്, ദേബലീന ഹേംബ്രത, ഡിവൈഎഫ്ഐ മുൻ ദേശീയ ജനറൽ സെക്രട്ടറി തപൻ സിൻഹ എന്നിവരാണ്‌ ആദ്യഘട്ട പട്ടികയിലെ പ്രമുഖർ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും വെള്ളിയാഴ്‌ച 291 മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.

ആറ്‌ മന്ത്രിമാരുൾപ്പെടെ 28 സിറ്റിങ്‌ എംഎൽഎമാരെ ഒഴിവാക്കിയുള്ള പട്ടിക മുഖ്യമന്ത്രി മമതാ ബാനർജിതന്നെയാണ്‌ പുറത്തുവിട്ടത്‌. ഡാർജിലിങ്ങിലെ മൂന്ന്‌ സീറ്റ്‌ ഗൂർഖാ പാർടികൾക്ക്‌ ഒഴിച്ചിട്ടു. രണ്ടുതവണയും വിജയിച്ച കൊൽക്കത്തയിലെ ഭവാനിപ്പുർ ഉപേക്ഷിച്ച്‌ ഇക്കുറി നന്ദിഗ്രാമിൽനിന്നാണ്‌ മമത ജനവിധി തേടുന്നത്‌.

നന്ദിഗ്രാമിലെ എംഎൽഎയായിരുന്ന മമതയുടെ വിശ്വസ്‌തൻ സുഖേന്ദു അധികാരി ബിജെപിയിൽ ചേർന്നിരുന്നു. സുഖേന്ദുവിനെ വെല്ലുവിളിച്ചാണ്‌‌ മമതയുടെ നന്ദിഗ്രാമിലെ സ്ഥാനാർഥി പ്രഖ്യാപനം.

ധനമന്ത്രി അശോക് മിത്ര, തൊഴിൽ മന്ത്രി പൂർണേന്ദുബസു, റജാക്ക് മൊള്ള എന്നിവരാണ് ഒഴിവാക്കിയ മന്ത്രിമാരിൽ പ്രമുഖർ. സിനിമ–- സീരിയൽ–-കായിക താരങ്ങളും ബിസിനസുകാരും മുൻ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട പട്ടികയിൽ 50 വനിതകളുണ്ട്‌.

30 ശതമാനം സീറ്റ്‌ വനിതകൾക്കെന്ന ഉറപ്പ്‌ മമത പാലിച്ചിട്ടില്ല. മമതയുടെ വിശ്വസ്‌ത ആയിരുന്ന സോണാലി ഗുഹ അടക്കം സീറ്റ്‌ നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്‌.മാർച്ച് 27, ഏപ്രിൽ ഒന്ന്‌ തീയതികളിലാണ്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌.