ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണു പുറത്തെടുത്തത്. മൂന്നു മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു സാധിച്ചില്ല. ഒരു അർധ സെഞ്ചറി ഉൾപ്പെടെ 118 റൺസാണു മൂന്നു മത്സരങ്ങളിൽനിന്നു സഞ്ജു അടിച്ചെടുത്തത്. ആദ്യ മത്സരത്തിൽ 63 പന്തുകൾ നേരിട്ട താരം 83 റൺസെടുത്ത് ടീം ഇന്ത്യയെ വിജയത്തിന്റെ വക്കോളം എത്തിച്ചു.
സഞ്ജു സാംസന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികവു സഞ്ജുവിനു കൂടുതൽ ആത്മവിശ്വാസം നൽകുമെന്നു പ്രതീക്ഷിക്കുന്നതായി അശ്വിൻ യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ‘‘സഞ്ജു സാംസൺ ഒന്നാന്തരം ക്രിക്കറ്റ് താരവും നല്ലൊരു മനുഷ്യനുമാണ്. അദ്ദേഹം ശാന്തസ്വഭാവക്കാരനാണ്. എല്ലാവർക്കും ഈ കാര്യങ്ങൾ അറിയാം. ആദ്യ ഏകദിനം കളി അവസാനിപ്പിക്കാവുന്ന ഘട്ടംവരെ അദ്ദേഹം കൊണ്ടെത്തിച്ചു. സഞ്ജു സാംസൺ 2.0 വളരെ മികച്ചു നിൽക്കുന്നു.’’– അശ്വിൻ പ്രതികരിച്ചു.
ഐപിഎല്ലിൽ രാജ്സ്ഥാൻ റോയൽസിൽ സഞ്ജുവും അശ്വിനും ഒരുമിച്ചാണു കളിക്കുന്നത്. രാജസ്ഥാന്റെ ക്യാപ്റ്റനാണു സഞ്ജു. ടോപ് ഓർഡർ ബാറ്ററായ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഫിനിഷറുടെ റോളിലാണു കളിച്ചിരുന്നത്. ഏതു സാഹചര്യത്തിലും കളിക്കാൻ തയാറാകണമെന്നാണ് മാനേജ്മെന്റ് തന്നെ അറിയിച്ചിരുന്നതെന്ന് സഞ്ജു പ്രതികരിച്ചിരുന്നു.