-കെ.വി –
എം എൽ എ മാരെ ചാക്കിട്ടുപിടിച്ച് സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താൻ കോൺഗ്രസ് നേതാക്കളെ വശത്താക്കാനും ബി ജെ പി ഒഴുക്കുന്ന ദശലക്ഷക്കണക്കിനുകോടി രൂപ സമാഹരിക്കുന്നത് വൻകിട കുത്തക കോർപ്പറേറ്റ് കമ്പനികളിൽനിന്ന്.
അദാനി , അംബാനിമാർ ഉൾപ്പെടുന്ന അതിസമ്പന്ന വ്യവസായ- ബിസിനസ് കമ്പനികളിൽനിന്ന് നരേന്ദ്ര മോദിയുടെ ഭരണത്തിൽ ബി ജെ പി വാങ്ങിയ സംഭാവന 2319 കോടി രൂപയാണ്.
മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയുടെ കാലത്തും കേന്ദ്രം ഭരിച്ച ഒരു പാർട്ടിയും ഇത്രയും ഭീമമായ തുക കൈപ്പറ്റിയിട്ടില്ല. കഴിഞ്ഞ ഏഴുവർഷത്തിനകം ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച ഫണ്ടിൻ്റെ കണക്കാണിത്.
അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എ ഡി ആർ ) ഔദ്യോഗികമായി വിവരശേഖരണം നടത്തി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കോർപ്പറേറ്റ് സംഭാവന സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ.
ഇതനുസരിച്ച് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കോർപ്പറേറ്റുകളിൽ നിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 82 ശതമാനവും കിട്ടിയത് ബി ജെ പിക്കാണ് – 2319 കോടി രൂപ. ഈ കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകൾ നൽകിയ ആകെ സംഭാവന 2818.05 കോടി രൂപയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുമുൻപും ഒപ്പവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംഘപരിവാർ ഫണ്ട് വാരിക്കോരി ചെലവഴിച്ചിരുന്നു. ഹിന്ദുത്വ അനുഭാവമുളളവരെ സ്ഥാനാർത്ഥികളാക്കാനും ജയിപ്പിക്കാനും കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഇടനിലക്കാർ മുഖേന ഫണ്ട് നൽകിയിരുന്നുവെന്നാണറിവ്.
പുതുച്ചേരിയിലും കർണാടകത്തിലും ഗോവയിലും മദ്ധ്യപ്രദേശിലും ബി ജെ പിയുടെ പക്ഷത്തേക്കുള്ള എം എൽ എ മാരുടെ കാലുമാറ്റം എളുപ്പമാക്കിയത് ഈ തന്ത്രമായിരുന്നു.
പുതിയ നിയമസഭകളിലേക്ക് ജയിച്ചുകയറിയ അംഗങ്ങളിൽ ബി ജെ പി ക്കാർ കുറവായിട്ടും മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിച്ചതും തങ്ങൾ നേരത്തേ ഉന്നംവെച്ച ചിലർ പിന്തുണയ്ക്കുമെന്ന മുൻധാരണ ഉള്ളതുകൊണ്ടായിരുന്നുതാനും. വിലപേശൽ നടത്തിയ കോൺഗ്രസ് എം എൽ എമാരിൽ പലരെയും മന്ത്രിസ്ഥാനം നൽകിയാണ് മെരുക്കിയത്.
ചിലരെ മറ്റു പദവികളിൽ അവരോധിച്ചു ; അധികം പേരെയും സ്വാധീനിച്ചത് കോടിക്കണക്കിന് രൂപ കൊടുത്തായിരുന്നു. പുതുച്ചേരിയിൽ ബി ജെ പി ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒറ്റ നിയമസഭാംഗവും ഇല്ലായിരുന്നു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ നമശിവായം ഉൾപ്പെടെ ആറ് എം എൽ എ മാരെ ചാക്കിട്ടു പിടിച്ചാണ് ഭരണം അട്ടിമറിച്ചത്. കോൺഗ്രസിലെതന്നെ വി നാരായണസ്വാമി ഭൂരിപക്ഷം നഷ്ടപ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് സമീപ വർഷങ്ങളിൽ ഏതെങ്കിലും വ്യക്തിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ 20000 രൂപയിൽ കൂടുതൽ ലഭിച്ച സംഭാവനകൾ പരിശോധിച്ചാണ് എ ഡി ആർ റിപ്പോർട്ട് തയ്യാറാക്കിയത്.
കോൺഗ്രസിനും ബി ജെ പിക്കും കൂടുതൽ ഫണ്ട് കിട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ്. കോൺഗ്രസിന് 376.02 കോടി രൂപയാണ് ലഭിച്ചത്.
എൻ സി പി – 69.81 കോടി രൂപ , തൃണമൂൽ കോൺഗ്രസ് – 45. 01 രൂപ, സി പി ഐ (എം) – 7.5 കോടി രൂപ , സി പി ഐ – 22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന.
ഫണ്ട് കൊടുത്ത കമ്പനികളിൽ പലതിന്റെയും പൂർണ വിവരങ്ങൾ ലഭ്യമല്ലെന്ന് എ ഡി ആർ റിപ്പോർട്ടിൽ പറയുന്നു. 319 ദാതാക്കളുടെ മേൽ വിലാസമില്ല. ചില കമ്പനികൾ പാൻ കാർഡ് വിവരങ്ങളും കൈമാറിയിട്ടില്ല.
കേരളത്തിലും തങ്ങൾക്ക് വലയിൽ വീഴ്ത്താൻ പറ്റിയവരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കാൻ ബി ജെ പി ബഹുമുഖ തന്ത്രങ്ങൾ പയറ്റുന്നുണ്ട്.
40 സീറ്റ് കിട്ടിയാൽ തങ്ങൾ മന്ത്രിസഭയുണ്ടാക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞത് വൻ തോതിലുള്ള ഫണ്ട് വരവിൻ്റെ പിൻബലത്തിലാണ്.