46-ാമത് വയലാര്‍ അവാർഡ് എസ് ഹരീഷിന്

0
114

46-ാമത് വയലാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ എസ്.ഹരീഷിനാണ് അവാര്‍ഡ്. മീശ’എന്ന നോവലാണ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്.

രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 15 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ.
കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2021 ലെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.