ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് കൊടിയേറി. ഉല്‍ഘാടന മത്സരത്തില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത് ആദ്യ ജയം നേടി. അവസാന 15 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നിയുടെ ഇരട്ട ഗോളുകളാണ് കേരളത്തെ വിജയ തീരത്തില്‍ അടുപ്പിച്ചത്.
കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ പകുതി തന്നെ ബ്ലാസ്റ്റേഴ്സ് സ്വതസിദ്ധമായ ഹൈ പ്രസ്സ് ഗെയിം ശൈലിയില്‍ കളം നിറഞ്ഞു.
ഒരിടവേളക്ക് ശേഷം മഞ്ഞക്കുപ്പായം അണിഞ്ഞ കേരള ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നയിറോ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഡിമിത്രിയോസ്, ജിയാനു സഖ്യം മുന്നേറ്റ നിരയിലും അവര്‍ക്ക് താങ്ങായി ലൂണയും സഹലും പൂട്ടിയയും മിഡ്ഫീല്‍ഡിലും ഇറങ്ങിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് പിടിപ്പത് പണിയായി.
പ്രതിരോധത്തിലെ വിശ്വസ്ഥന്‍ ലെസ്‌കോവിച്ചും, ഹോര്‍മിപാമും പതിവ് ശൈലിയില്‍ തന്നെയാണ് ആദ്യ പകുതിയെ നേരിട്ടത്. മറുഭാഗത്ത് അലക്‌സ് ലിമയെ പോലുള്ള പരിചയ സമ്പന്നര്‍ ഒരുപിടി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് കേരള പ്രതിരോധത്തെ ഭേദിക്കാനായില്ല.
രണ്ടാം പകുതിയില്‍ 72ആം മിനിറ്റിലാണ് കേരളം ആഗ്രഹിച്ച ഗോള്‍ പിറന്നത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ മനോഹരമായ ലോങ് പാസ് പിടിച്ചെടുത്ത് മിഡ്ഫീല്‍ഡ് മജീഷ്യന്‍ അഡ്രിയാന്‍ ലൂണ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ കലൂരിലെ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പുകയായിരുന്നു. ലൂണയുടെ ഫിനിഷിനോളം പോന്ന ഖബ്രയുടെ പാസും ആരാധകര്‍ ഏറ്റെടുക്കുമെന്ന് ഇതോടെ ഉറപ്പായി. ഒന്നാം ഗോളിന്റെ ആവേശം അടങ്ങും മുന്നേ സൂപ്പര്‍ സബ്ബായി കളത്തില്‍ ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നി 82ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ മത്സരം പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി.
പിന്നീട് 89ആം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ തന്നെ മഞ്ഞകുപ്പായത്തിലെ തന്റെ രണ്ടാം ഗോളുകൂടി നേടി ഇവാന്‍ പട്ടിക പൂര്‍ത്തിയാക്കി. ഒടുവില്‍ മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്‌ളാസ്റ്റേഴ്‌സിന് ജയം. കലൂരില്‍ തിങ്ങി നിറഞ്ഞ നാല്‍പതിനായിരത്തില്‍ അധികം വരുന്ന ആരാധകര്‍ക്ക് അര്‍ഹിച്ച പാരിതോഷികം പോലെ വിജയവും മൂന്ന് പോയിന്റും നല്‍കിയ ഇവാന്‍ വുകമനോവിച്ചും കുട്ടികളും ഐഎസ്എല്ലിലെ മറ്റ് ടീമുകള്‍ക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ വിരുന്നെത്തിയ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്നത്തെ മത്സരം നല്ലൊരു തുടക്കവുമായി.