ഊരാളുങ്കലിനെ പുകഴ്ത്തിയ വാക്കുകൾ ഇ ശ്രീധരനെ ബിജെപി നേതൃത്വത്തിന് അനഭിമതനാക്കിയെന്ന് സൂചന. ഇതേതുടർന്നാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ബിജെപി തിരുത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പുതിയ തീരുമാനത്തോടെ ഇ ശ്രീധരൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും സംശയത്തിലായി.
പാലാരിവട്ടം പാലം നിശ്ചയിച്ചതിലും വേഗം പൂർത്തിയാക്കിയ ഉരാളുങ്കൽ ലേബർ കോൺട്രാക്ടർ സോസൈറ്റിയെ ഇ ശ്രീധരൻ വാനോളം പുകഴ്ത്തിയിരുന്നു. സമയബന്ധിതമായും കൃത്യനിഷ്ഠതയോടെയും ഊരാളുങ്കൽ സൊസൈറ്റി നടത്തിയ ആത്മാർത്ഥ പരിശ്രമമാണ് പാലം നിർമാണം സമയത്തിനു മുന്നേ പൂർത്തീകരിച്ച് ഉദ്ഘാടനസജ്ജമാക്കാൻ കഴിഞ്ഞത്. ഇതിൽ ഊരാളുങ്കൽ സൊസൈറ്റിയെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു- ഇതായിരുന്നു ഇ ശ്രീധരന്റെ വാക്കുകൾ.
ഇ ഡിയെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ബിജെപി തകർക്കാൻ തീരുമാനിച്ച ഊരാളുങ്കൽ സൊസൈറ്റിയെ ഇ ശ്രീധരൻ മുക്തകണ്ഠം പ്രശംസിച്ചത് കെ സുരേന്ദ്രനെയും വി മുരളീധരനെയും ചൊടിപ്പിച്ചു. ഇ ശ്രീധരൻ സത്യം വിളിച്ചു പറയുന്നത് തങ്ങളുടെ അജണ്ട പൊളിക്കുമെന്ന് ബിജെപി നേതാക്കൾ കരുതി. അസ്വസ്ഥതയോടെയാണ് കെ സുരേന്ദ്രൻ ഇ ശ്രീധരന്റെ ഈ പ്രസ്താവനയോട് പ്രതികരിച്ചത്. ഇത്തരമൊരു പരാമർശം നടത്തുമ്പോൾ ഇ ശ്രീധരൻ നേതാക്കളോട് ആലോചിക്കേണ്ടിയിരുന്നുവെന്ന് താക്കീതിന്റെ സ്വരത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു.
ഇതേതുടർന്ന് മുരളീധര പക്ഷ നേതാക്കളുടെ കൂടിയാലോചനയിലാണ് ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനിച്ചത്. വി മുരളീധരൻ തന്നെ ഈ പ്രസ്താവന നടത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് മുതിർന്ന നേതാക്കൾ “നേരറിയാനോട്” പറഞ്ഞത്. ഈ പ്രസ്താവനയുടെ സാഹചര്യത്തിൽ ഇ ശ്രീധരന് സീറ്റ് നൽകുന്നകാര്യം പുനരാലോചിക്കണമെന്ന് മുരളീധര പക്ഷം ആവശ്യപ്പെടുന്നു. ഇ ശ്രീധരനെ ചൊല്ലി ആർ എസ് എസ് മുരളീധരപക്ഷവും തമ്മിലുള്ള തർക്കവും മറനീക്കി പുറത്തുവന്നു.