Monday
12 January 2026
20.8 C
Kerala
HomeKeralaഗ്രാഫീൻ ഇക്കോ സിസ്റ്റം പദ്ധതി: സഹകരണവുമായി ലോകത്തെ മുൻനിര സർവകലാശാലകൾ

ഗ്രാഫീൻ ഇക്കോ സിസ്റ്റം പദ്ധതി: സഹകരണവുമായി ലോകത്തെ മുൻനിര സർവകലാശാലകൾ

കേരളത്തിന്റെ വികസനത്തിന്‌ ഗതിവേഗം പകരുന്ന ഗ്രാഫീൻ ഇക്കോ സിസ്റ്റം പദ്ധതിയുമായും ഡിജിറ്റൽ സയൻസ്‌ പാർക്കുമായും സഹകരിക്കാൻ ലോകത്തെ മുൻനിര സർവകലാശാലകളും. യുകെയിലെ ഓക്‌സ്‌ഫെഡ്‌, മാഞ്ചസ്റ്റർ, എഡിൻബർഗ്‌, ജർമനിയിലെ സെയ്‌ൻ എന്നീ സർവകലാശാലകളാണ്‌ സഹകരിക്കുക. 11ന്‌ യുകെയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണപത്രം ഒപ്പിടും.

ഡിജിറ്റൽ സർവകലാശാലയുമായി യോജിച്ചുള്ള ഗവേഷണം, വിദ്യാർഥി, അധ്യാപക വിനിമയം തുടങ്ങിയവയാണ്‌ ലക്ഷ്യം. ഡിജിറ്റൽ സർവകലാശാലയുടെ ഗ്രാഫീൻ പദ്ധതിയിൽ ഓക്‌സ്‌ഫെഡ്‌, മാഞ്ചസ്റ്റർ, സെയ്‌ൻ സർവകലാശാലകൾ സഹകരിക്കും. എഡിൻബർഗ്‌ സർവകലാശാലാ ഡിജിറ്റൽ സയൻസ്‌ പാർക്കുമായാണ്‌ സഹകരിക്കുക. ഡിജിറ്റൽ സർവകലാശാലയുമായി ഡിജിറ്റൽ ഹെൽത്ത്‌, നിർമിത ബുദ്ധി എന്നിവയിലും ഓക്‌സ്‌ഫെഡ്‌ സർവകലാശാലയുടെ സഹകരണമുണ്ടാകും.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലാണ്‌ സ്ഥാപിക്കുക. 12 ഏക്കർ കണ്ടെത്തിയിട്ടുണ്ട്‌. ഇതുമായി സഹകരിക്കുന്ന വിവിധ കമ്പനിയുമായി ചർച്ചകൾ നടത്തി. ഒന്നര വർഷത്തിനുള്ളിൽ പാർക്കിന്‌ തുടക്കമിടാനാകുമെന്നാണ്‌ പ്രതീക്ഷ. വിദേശ സർവകലാശാലകളുമായി ധാരണപത്രം ഒപ്പിടുന്നതിനും കൂടുതൽ ചർച്ചകൾക്കുമായി ഡിജിറ്റൽ സർവകലാശാലാ വൈസ്‌ ചാൻസലർ പ്രൊഫ. സജി ഗോപിനാഥും ഗ്രാഫീൻ ഇക്കോ സിസ്റ്റം പദ്ധതിയുടെ ചീഫ്‌ ഇൻവെസ്റ്റിഗേറ്ററും ഡിജിറ്റൽ സർവകലാശാലാ ഡീനുമായ പ്രൊഫ. അലക്‌സ്‌ പാപ്പച്ചൻ ജയിംസും യുകെയിൽ എത്തും.

RELATED ARTICLES

Most Popular

Recent Comments