റാഡോണ്‍ ഭൗമ കേന്ദ്രം കുസാറ്റിൽ സ്ഥാപിച്ചു; ഭൂചലനം ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം

0
95

മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്റ് അഡൈ്വസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡോണ്‍ ഭൗമ കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസില്‍ സ്ഥാപിച്ചു.

‘ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലേര്‍ട്ട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റില്‍ സ്ഥാപിച്ചത്. ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്.

യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താല്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍. ഇത് പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നു. ഭൂചലനം ഉണ്ടാകുമ്പോള്‍ ഭൂമിയുടെ പുറം തോടിലൂടെ കൂടുതല്‍ റാഡോണ്‍ വാതകം പുറത്തു വരും.

ഇത്തരം സാഹചര്യങ്ങളില്‍ ഭൗമ കേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയയ്ക്കുകയും ചെയ്യും. പ്രസ്തുത മേഖലയിലെ ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയുവാനുള്ള പഠനത്തിനു റാഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കും.

ഭൗമ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്റ് അഡൈ്വസറി വിഭാഗം മേധാവി പ്രൊഫ. ബി.കെ. സപ്ര കുസാറ്റിനെ സമീപിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പദ്ധതിക്കു വേണ്ട പൂര്‍ണ്ണ പിന്തുണ അറിയിച്ചിരുന്നു. റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ഡോ. എ.കെ. റൈന്‍ കുമാര്‍ ആണ് കുസാറ്റില്‍ റാഡോണ്‍ ഭൗമ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.