Thursday
18 December 2025
24.8 C
Kerala
HomeIndiaകോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം അച്ചടിച്ചത് ചട്ടലംഘനമെന്ന് പരാതി,റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം അച്ചടിച്ചത് ചട്ടലംഘനമെന്ന് പരാതി,റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറോട് ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് പരാതി. ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫീസറോട് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ എംപി ഡറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത് മാതൃകാപരമായ രീതിയിലാണ് പ്രധാനമന്ത്രി കോവിഡ് വ്യാപനം കൈകാര്യം ചെയ്തത് എന്നാണ്. ഇക്കാര്യത്തില്‍ ഇന്ത്യ മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി. കോവിഡ് വാക്സിനും പിപിഇ കിറ്റുമെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അദ്ദേഹം ചെയ്ത കാര്യങ്ങളെ ചൊല്ലി നമ്മള്‍ അഭിമാനിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ആര്‍ പി സിങ് പ്രതികരിച്ചു.

പെട്രോള്‍ പമ്പുകളിലെ മോദിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് നീക്കാന്‍ ആവശ്യപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments