Wednesday
31 December 2025
25.8 C
Kerala
HomePoliticsഅഴീക്കോടൻ രാഘവന്റെ ഓർമ്മകൾ നമ്മുടെ പോരാട്ടങ്ങൾക്കുള്ള കരുത്തും ഊർജ്ജവുമാണ് : മുഖ്യമന്ത്രി പിണറായി വിജയൻ

അഴീക്കോടൻ രാഘവന്റെ ഓർമ്മകൾ നമ്മുടെ പോരാട്ടങ്ങൾക്കുള്ള കരുത്തും ഊർജ്ജവുമാണ് : മുഖ്യമന്ത്രി പിണറായി വിജയൻ

തൊഴിലാളി വർഗ്ഗത്തിന്റെ ഉശിരനായ പോരാളിയായ അഴിക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ നമ്മുടെ പോരാട്ടങ്ങൾക്കുള്ള കരുത്തും ഊർജ്ജവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മിനെ കേരളത്തിൽ സുശക്തമാക്കുന്നതിന് വലിയ പങ്കുവഹിച്ച അഴീക്കോടൻ അടിസ്‌ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ടു. ജനകീയ പ്രശ്നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്നുനൽകിയ നേതാവായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ അഴീക്കോടന്റെ ഓർമ്മകൾക്ക് മരണമില്ല. സഖാവിന്റെ മരിക്കാത്ത ഓർമ്മകൾക്കുമുന്നിൽ രക്താഭിവാദ്യങ്ങൾ അർപ്പിക്കുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം. രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തിട്ട് അമ്പതുവർഷം തികയുന്നു. അണയാത്ത വിപ്ലവവീര്യത്തിൻ്റെ ജ്വലിക്കുന്ന സ്‌മരണയാണ് അഴീക്കോടൻ. തൊഴിലാളി വർഗ്ഗത്തിന്റെ ഉശിരനായ പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ നമ്മുടെ പോരാട്ടങ്ങൾക്കുള്ള കരുത്തും ഊർജ്ജവുമാണ്.

ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ച അഴീക്കോടൻ 1940-ലാണ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തത്. 1956-ൽ പാർടി ജില്ലാ സെക്രട്ടറിയായി. 1959 മുതൽ പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുകയായിരുന്ന സഖാവ് 1967-ൽ ഐക്യമുന്നണി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു. മാർക്സിസം-ലെനിനിസത്തിന്റെ ആശയാടിത്തറയിലൂന്നിക്കൊണ്ട് കേരളത്തിൽ പാർടി കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിച്ച സഖാവ് മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് പ്രകടിപ്പിച്ചിരുന്നത്. പ്രതിസന്ധി ഘട്ടങ്ങൾ മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃശേഷിയും നിശ്ചയദാർഢ്യവും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സംഘടനാ കാർക്കശ്യവും പ്രസ്‌ഥാനത്തിന് കരുത്തേകി.

1972 സെപ്തംബർ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോൾ മുന്നണി കൺവീനറും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബർ 23 ന് രാത്രി പത്തുമണിയോടെ തൃശൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോഴാണ് രാഷ്ട്രീയ എതിരാളികൾ സഖാവിനെ കുത്തി കൊലപ്പെടുത്തുന്നത്.

സിപിഐഎമ്മിനെ കേരളത്തിൽ സുശക്തമാക്കുന്നതിന് വലിയ പങ്കുവഹിച്ച അഴീക്കോടൻ അടിസ്‌ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ടു. ജനകീയ പ്രശ്നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്നുനൽകിയ നേതാവായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ അഴീക്കോടന്റെ ഓർമ്മകൾക്ക് മരണമില്ല. സഖാവിന്റെ മരിക്കാത്ത ഓർമ്മകൾക്കുമുന്നിൽ രക്താഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments