എ കെ ജി സെന്ററിൽ ആക്രമണം; അറസ്റ്റിലായ ജിതിൻ കഞ്ചാവ്‌, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി

0
28

എ കെ ജി സെന്ററിലേക്ക്‌ ബോംബ് എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്‌ത യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വി ജിതിൻ എസ്‌എഫ്‌ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള നിരവധി കേസിൽ പ്രതി. 2016ലും 2019ലും എസ്‌എഫ്‌ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ്‌ ആദർശിനെ വധിക്കാൻ ശ്രമിച്ചു. 2016ൽ ഡിവൈഎഫ്‌ഐ കൊലത്തുകര യൂണിറ്റ്‌ പ്രസിഡന്റ്‌ ആർ ബി ഷായെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്‌.

2013ൽ കുളത്തൂർ സ്വദേശികളായ യുവാക്കൾ ആത്മഹത്യ ചെയ്‌തതിനു പിന്നിൽ ജിതിനാണെന്ന വിവരവും പുറത്തുവന്നിരുന്നു. കുളത്തൂരിലെ ശ്രീജിത്തും നിധീഷുമാണ്‌ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്‌. കുളത്തൂർ ജങ്‌ഷനിൽ ജിതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘം ഇരുവരെയും മർദിച്ചിരുന്നു. പിന്നീട്‌ ജിതിന്റെ മാലയും പണവും മോഷ്ടിച്ചതായി യുവാക്കൾക്കെതിരെ കേസ്‌ നൽകി. കള്ളക്കേസിലും മർദനത്തിലും മനംനൊന്ത്‌ ഇവർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

2017ൽ കഞ്ചാവ്‌ കേസിൽ ജിതിനെ പിടികൂടിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിന്‌ കോൺഗ്രസിന്റെ ഉന്നതനേതാക്കളുമായി അടുത്തബന്ധമുണ്ട്‌. ജില്ലയിൽ കോൺഗ്രസ്‌ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ മുഖ്യആസൂത്രകനും നടത്തിപ്പുകാരനുമാണ്‌. റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുമുണ്ട്‌. ജിതിന്റെ നിയന്ത്രണത്തിലുള്ള ലോഡ്‌ജ്‌ കേന്ദ്രീകരിച്ചാണ്‌ ആസൂത്രണം. ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ, എം എ വാഹീദ്‌, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള ഉന്നതനേതാക്കൾ ലോഡ്‌ജിൽ എത്തി ഇയാളെ കണ്ടിട്ടുണ്ട്‌.