കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈമാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി 20യുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തും. അതിനിടെ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ചു.
അപ്പർ ടയർ ടിക്കറ്റിന് 1500 രൂപ, വിദ്യാർത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി മാത്രമായിരിക്കും ലഭ്യം. 50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നൽകണം. കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം അടക്കം 6000 രൂപ നൽകണം. പേടിഎം ഇൻസൈഡർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയിൽ ഐഡിയിൽ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വിൽപനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി.
അതിനിടെ 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് വിഛേദിച്ച വൈദ്യുതി കെഎസ്ഇബി പുനസ്ഥാപിച്ചു. സർക്കാർ തലത്തിൽ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിന് ശേഷം സ്റ്റേഡിയത്തിൽ വൈദ്യുതിയെത്തിയത്.
ഈ മാസം 28ന് മത്സരം നടക്കാനിരിക്കെയാണ് കാര്യവട്ടം സ്റ്റേഡിയത്തിൻറെ വൈദ്യുതി വിച്ഛേദിച്ചത്. ഇത് മത്സരത്തെ ആശങ്കയിലാക്കിയിരുന്നു. 2.36 കോടി രൂപയുടേതാണ് വൈദ്യുതി കുടിശ്ശിക നൽകാത്തതിനെത്തുടർന്നാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിൻറെ ഫ്യൂസ് കഴക്കൂട്ടം കെഎസ്ഇബി ഊരിയത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടർ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.