റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉസ്ബക്കിസ്ഥാനിലെ സമർകന്ദിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്കിടെയാണ് പുടിനുമായി പ്രധാനമന്ത്രി സംവദിച്ചത്. യുക്രെയ്ൻ യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോൾ, ഈ യുഗം യുദ്ധത്തിന്റെതല്ലെന്നും സമാധാനത്തിലേക്കാണെന്നും പ്രധാനമന്ത്രി പുടിനോട് പറഞ്ഞു.
‘ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോൺ സംഭാഷണങ്ങളിൽ ഞാൻ നിങ്ങളോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി ഒരുമിച്ചാണ്’ പ്രധാനമന്ത്രി പറഞ്ഞു. റഷ്യ, ഉക്രെയ്ൻ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചാണിത്.
‘ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഭക്ഷണം, ഇന്ധന സുരക്ഷ, വളം എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ ഇരുരാജ്യങ്ങളും കണ്ടെത്തണം. ഞങ്ങളുടെ വിദ്യാർത്ഥികളെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കാൻ സഹായിച്ചതിന് റഷ്യയ്ക്കും യുക്രെയ്നും നന്ദി പറയാൻ ആഗ്രഹിക്കുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു.
എസ്സിഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഉഭയകക്ഷി, പ്രാദേശിക, മറ്റ് ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. ‘യുക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും നിങ്ങളുടെ ആശങ്കകളെക്കുറിച്ചും എനിക്കറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കും,’ പുടിൻ പറഞ്ഞു.