കാലതാമസമില്ലാതെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് തടവുപുള്ളിയുടെ മൗലിക അവകാശമാണെന്ന് അലഹാബാദ് ഹൈക്കോടതി

0
58

കാലതാമസമില്ലാതെ ജാമ്യാപേക്ഷ സമർപ്പിക്കുന്നത് തടവുപുള്ളിയുടെ മൗലിക അവകാശമാണെന്ന് അലഹാബാദ് ഹൈക്കോടതി. നിയമ സഹായം ലഭിക്കാതെ അഞ്ചു വർഷമായി ജയിലിൽ കഴിയുന്ന, കൊലക്കേസ് പ്രതിക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ നിരീക്ഷണം. 2017 ഡിസംബർ മുതൽ ജയിലിൽ കഴിയുന്ന അനിൽ ഗൗഡിനാണ് കോടതി ജാമ്യം അനുവദിച്ചത്.

ഗൗഡിനെതിരെ നേരിട്ടുള്ള തെളിവുകൾ ഒന്നുമില്ലെങ്കിലും നിയമ സഹായം ലഭിക്കാത്തതിനാൽ ജയിലിൽ കഴിയുകയാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദാരിദ്ര്യവും സാമൂഹ്യമായ പുറത്താവലും നിയമത്തെക്കുറിച്ചുള്ള അജ്ഞതയുമാണ് ഈ കേസിൽ ജാമ്യാപേക്ഷ വൈകാൻ കാരണമായതെന്ന് കോടതി വിലയിരുത്തി. പൗരൻ അനീതിക്കിരയാവുന്നത് അടിമരാഷ്ട്രത്തിന്റെ അടയാളമാണ്. സ്വതന്ത്ര രാജ്യത്തിൽ നീതി ജന്മാവകാശമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

തടവുപുള്ളികൾക്ക് നിയമ സഹായം ലഭിക്കാത്തതുകൊണ്ട് ജാമ്യാപേക്ഷ വൈകുന്ന ഒട്ടേറെ കേസുകൾ രാജ്യത്തുണ്ടെന്ന് കോടതി പറഞ്ഞു. ക്രിമിനൽ കേസിൽ പെടുന്ന പ്രതികൾക്ക് നിയമസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കോടതികൾക്കുണ്ട്. കൺമുന്നിൽ നിയമസഹായം നിഷേധിക്കപ്പെടുമ്പോൾ സാക്ഷിയായിരിക്കാൻ കോടതിക്കാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.