മലപ്പുറം ജില്ലയിൽ വൈറൽപ്പനി വ്യാപകം; രണ്ടര മാസത്തിനുള്ളിൽ ചികിത്സ തേടിയത് 1.26 ലക്ഷം പേർ

0
125

മലപ്പുറം ജില്ലയിൽ വൈറൽപ്പനി വ്യാപകമായി. കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ 1,26,220 പേർ വൈറൽ പനി ബാധിച്ച് ചികിത്സ തേടി. ഈ മാസം 14 വരെ മാത്രം ജില്ലയിൽ 18,137 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഓഗസ്റ്റിൽ 44,130 പേരാണ് ചികിത്സ തേടിയത്.

സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ഡോക്ടർമാരുടെ വീടുകളിലും വൈറൽപ്പനി ബാധിച്ച് നിരവധി രോഗികൾ വേറെയും എത്തുന്നുണ്ട്.

ലക്ഷണങ്ങൾ, ചികിത്സ

കുട്ടികളിലും മുതിർന്നവരിലും പ്രായഭേദമെന്യേ ഉണ്ടാകുന്ന രോഗമാണ് സാധാരണ വൈറൽപ്പനി. കാലാവസ്ഥാവ്യതിയാനങ്ങളും, ശരീരതാപനിലയിൽ ഉണ്ടാകുന്ന ചെറിയ വർധനയുമെല്ലാം വൈറൽപ്പനിക്ക് കാരണങ്ങളാണ്. പനിയോടൊപ്പം ജലദോഷം, തുമ്മൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകുന്നത് വൈറൽ അണുബാധകളുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശരീരവേദന, ക്ഷീണം, ശരീരോഷ്മാവ് വർധിക്കുക, രുചിയില്ലായ്മ എന്നിവ കണ്ടാൽ ചികിത്സതേടണം.

മാസ്ക് ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, പഴവർഗ്ഗങ്ങൾ കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക, വിശ്രമിക്കുക-ഇത്രയും കാര്യങ്ങളിൽ ശ്രദ്ധവേണം.