സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി മൂവാറ്റുപുഴ സബ് ജയിൽ

0
93

സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി മൂവാറ്റുപുഴ സബ് ജയിൽ. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി എൽദോസ് അധ്യക്ഷത വഹിച്ചു.

ജയിൽ വളപ്പിൽ നടുന്നതിനുളള പച്ചക്കറി തൈകൾ ഡീൻ കുര്യാക്കോസ് എം.പിയിൽ നിന്ന് ജയിൽ സൂപ്രണ്ട് എസ്.വിഷ്ണു ഏറ്റുവാങ്ങി. ചീര, കൊത്ത അമരം, മുളക്, കാന്താരി, മുന്തിരി, മുരിങ്ങ, കറിവേപ്പ് തുടങ്ങിയ തൈകളാണു കൈമാറിയത്.

നഗരസഭയുടെ നേതൃത്വത്തിലാണ് സബ് ജയിലിൽ ഹരിതവൽക്കരണം നടത്തുന്നത്. നഗര ഹരിതവൽക്കരണം പദ്ധതിയോടനുബന്ധിച്ചു നഗരത്തിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സബ് ജയിലിൽ ശുചിത്വം ഉറപ്പാക്കാനും ഹരിതാഭമാക്കി മാറ്റാനും നഗരസഭ നടപടി ആരംഭിച്ചത്.

70 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിൽ പ്രവർത്തിക്കുന്നത്. നൂറോളം തടവ് പുളളികൾ ഇവിടെയുണ്ട്. പ്രതിദിനം 40 കിലോഗ്രാം ജൈവ മാലിന്യങ്ങളാണു പുറം തളളുന്നത്. ഇതിനുപുറമെ അജൈവ മാലിന്യങ്ങളും ഉണ്ട്. ഇവ സംസ്‌കരിക്കുക എന്നതു വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണു
നഗര ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായി ജയിലിൽ പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്തുതന്നെ ജയിൽ കേന്ദ്രീകരിച്ച് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് മൂവാറ്റുപുഴയിലാണ്.

സംരക്ഷിത മേഖല എന്ന നിലയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ ജയിൽ വളപ്പിൽ ദൈനംദിനം പ്രവേശിക്കുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിൽ മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്.

ജൈവ മാലിന്യങ്ങൾ ജയിൽ വളപ്പിൽ തന്നെ സംസ്‌കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. 60,000 രൂപ ചെലവഴിച്ച് ഇതിനായി ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഇതോടൊപ്പം പരിസര പ്രദേശം ഹരിതാഭമാക്കുന്നതിന് വൃക്ഷത്തൈകൾ വച്ച്
പിടിപ്പിക്കും. അജൈവ പാഴ്‌വസ്തുക്കൾ എല്ലാ മാസവും ഹരിത കർമ്മ സേന നീക്കം ചെയ്യും. പച്ചക്കറി കൃഷി ജയിൽ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിക്കും. അജൈവ മാലിന്യങ്ങൾ വഴി ഉൽപ്പാദിപ്പിക്കുന്ന വളം ഈ കൃഷിക്കായി ഉപയോഗിക്കും.

പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൽസലാം, നിസ അഷറഫ്, അജി മുണ്ടട്ട്, പ്രമീള ഗിരീഷ്‌കുമാർ, വാർഡ് കൗൺസിലർ ജിനു ആന്റണി, കൗൺസിലർമാരായ കെ.ജി അനിൽകുമാർ, അസം ബീഗം, പി.എം സലിം, ജോർജ് ജോളി മണ്ണൂർ, ബിന്ദു ജയൻ, അമൽ ബാബു, നെജില ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.