തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലിക അവകാശമല്ല: സുപ്രീം കോടതി

0
69

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി . നിയമ നിർമാണത്തിലൂടെ ഒരാൾക്ക് കൈവരുന്ന അവകാശമാണിതെന്നും കോടതി പറഞ്ഞു . പിന്തുണയ്ക്കാൻ ആളില്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളികൊണ്ടാണ് കോടതി നിരീക്ഷണം .

നിയമ നിർമാണത്തിലൂടെയാണ് ഒരാൾക്ക് തിര‍ഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ലഭിച്ചത് . അതുകൊണ്ടുതന്നെ ആ നിയമത്തിലെ നിബന്ധനകൾ പാലിക്കാൻ മത്സരിക്കുന്നയാൾക്ക് ബാധ്യതയുണ്ട് . ജനപ്രാതിനിധ്യ നിയമത്തിലെയും തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെയും വ്യവസ്ഥകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാലിച്ചെ മതിയാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി .

രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത് . മെയ് 12ലെ വിജ്ഞാപനപ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഹർജിക്കാരൻ ശ്രമിച്ചത് .എന്നാൽ പിന്തുണയ്ക്കാൻ ആളില്ലാത്തതിനാൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ല . ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല . തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത് . ഹൈക്കോടതി നടപടിയിൽ ഇടപെടാൻ കാരണ കാണുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കോടതിച്ചെലവായി ഒരു ലക്ഷം രൂപ അടയ്ക്കാൻ ഹർജിക്കാരനോട് നിർദേശിച്ചു .