യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ലഖ്‌നൗവിലെ ജയിലിൽ തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ജയിലിൽ തുടരേണ്ടി വരുന്നത്. ഈ മാസം 19 നാണ് ഇ ഡി കേസ് കോടതി പരിഗണിക്കുക.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ കാപ്പൻ ജയിലിൽ തുടരുമെന്ന് ജയിൽ ഡിജി പി.ആർ.ഒ സന്തോഷ് വർമ പിടിഐയോട് പറഞ്ഞു.
2020 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ഹത്രസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ ശേഷം ജയിലിൽ കഴിയുന്ന കാപ്പന്റെ ജാമ്യ ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്.
ജാമ്യം നൽകിയപ്പോൾ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നൽകണമെന്ന വ്യവസ്ഥയും അടുത്ത ആറാഴ്ച ദില്ലിയിൽ തങ്ങാനും അന്വേഷണം പൂർത്തിയാക്കാൻ സഹകരിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു കാപ്പനെയും മറ്റുള്ളവരെയും യുപിഎ അടക്കമുളള വകുപ്പിൽ അറസ്റ്റ് ചെയ്തത്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ പ്രതിപക്ഷ പാർട്ടികളും പത്രപ്രവർത്തക സംഘടനകളും സ്വാഗതം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ചുമത്തിയ മറ്റൊരു കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവർ.