കൊവിഡ് (Covid- 19) വീണ്ടും തലപ്പൊക്കിയതോടെ ലോക്ക്ഡൗണിലേക്കു നീങ്ങിയ ചൈനയിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമെന്നു റിപ്പോർട്ട്. ഏകദേശം 30 റീജിയണുകളിലായി 10 ദശലക്ഷത്തോളം ആളുകളാണ് ലോക്ക്ഡൗൺ നേരിടുന്നത്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നാണു സർക്കാർ നിർദേശം. ‘ഇത് 15 ദിവസമായി, ഞങ്ങൾക്ക് മാവും, അരിയും, മുട്ടയും തീർന്നു. ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾക്ക് കുട്ടികൾക്കുള്ള പാൽ തീർന്നു.’- പടിഞ്ഞാറൻ സിൻജിയാംഗിലെ ഒരു താമസക്കാരൻ പ്രതികരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാണെന്നും, സർക്കാർ തലത്തിൽ പരിഹാരം കണാൻ സാധിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയിലെ കൊവിഡ് ലോക്ക്ഡൗൺ ആഗോള എണ്ണ വിപണിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എണ്ണവില കുതിക്കാൻ ഇതുവഴി വച്ചേക്കുമെന്നാണു റിപ്പോർട്ട്. ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രധാന യോഗം നടക്കാനിരിക്കേ പ്രാദേശിക പൊട്ടിത്തെറികൾ തടയാൻ അധികാരികൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ചുരുക്കം ചില കേസുകൾ റിപ്പോർട്ട് ചെയ്താലും, ചൈനയുടെ സീറോ കോവിഡ് നയത്തിന് കർശനമായ ലോക്ക്ഡൗണുകൾ ആവശ്യമാണെന്ന നിലപാടിലാണ് ചൈനീസ് സർക്കാർ. സതേസമയം ചുരുക്കം ചില കേസുകളല്ല, കൊവിഡ് പടർന്നു പിടിക്കുകയാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. തിങ്കളാഴ്ച മാത്രം ചൈനയിൽ 949 പുതിയ കോവിഡ് കേസുകൾ ഓദ്യോഗികമായി രേഖപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും, സാമ്പത്തിക വളർച്ചയെ സ്തംഭിപ്പിക്കുന്നതായും ആരോപണമുണ്ട്. സിൻജിയാങ്ങിൽ, കസാക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള ഇലി കസാഖ് സ്വയംഭരണ പ്രിഫെക്ചറിൽ ആഴ്ചകൾ നീണ്ട ലോക്ക്ഡൗണിനെ തുടർന്നു പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിക്കുന്നതായി ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളടക്കം ഈ മേഖലയിൽ ദിവസങ്ങളായി പട്ടിണിയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ഇലിയുടെ തലസ്ഥാനമായ യിനിംഗ് നഗരത്തിൽ, ഭക്ഷണം, മരുന്ന്, സാനിറ്ററി പാഡുകൾ എന്നിവയ്ക്കായി 300- ലധികം അടിയന്തര അഭ്യർത്ഥനകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.
കൊവിഡ് ആദ്യ തരംഗത്തിലും ചൈന കടുത്ത ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം സീറോ കൊവിഡ് നയം പ്രഖ്യാപിച്ച രാജ്യം ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ പോലും ലോക്ക്ഡൗണിലേക്കു നീങ്ങുന്നതാണു പിന്നീട് കണ്ടത്. ഇതു സർക്കാരിനെതിരേ കടുത്ത വിമൾശനങ്ങൾക്കു വഴിതുറന്നിരുന്നു. കൊവിഡ് ചൈനയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന ആരോപണം ഇപ്പോഴും പലരും ഉന്നയിക്കുന്നുണ്ട്. കൊവിഡ് വൈറസിന് ഏറ്റവും അധികം മ്യൂട്ടേഷൻ സംഭവിച്ചത് ചൈനയിലാണെന്നും ഇവർ പറയുന്നു.
നിലവിൽ ചൈനയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ മറ്റു സമ്പദ് വ്യവസ്ഥകളെയും സാരമായി ബാധിക്കുന്നുണ്ട്. വിലക്കുറഞ്ഞ അസംസ്കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാരായ ചൈന കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നു പുറംലോകവുമായുള്ള ബന്ധം ഭാഗികമായെങ്കിലും അടച്ചിരിക്കുകയാണ്. ഇതു രാജ്യാന്തര വിപണികളെ സമ്മർദത്തിലാക്കുന്നുണ്ട്. ചൈനയിലെ ലോക്ക്ഡൗൺ വ്യാവസായിക ലോകത്തിനു തന്നെ വെല്ലുവിളിയാണ്. ആപ്പിൾ അടക്കമുള്ള കമ്പനികൾ ചൈനയ്ക്കു പുറമേ മറ്റു കേന്ദ്രങ്ങൾ തേടാനുള്ള കാരണവും അടിക്കടിയുള്ള ലോക്ക്ഡൗണുകളാണ്