തെരുവ് നായ പ്രശ്നം: അടിയന്തര പ്രശ്ന പരിഹാരവുമായി സർക്കാർ; കണക്കെടുത്ത് ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ നടപടി

0
73

വർദ്ധിച്ചു വരുന്ന തെരുവ് നായ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാ​ഗമായി തെരുവ് നായകൾ കൂടുതലുളള പ്രദേശങ്ങൾ , ആക്രമണം സ്ഥിരമായ മേഖലകൾ എന്നിവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ തയാറാക്കും.

മനുഷ്യരെയും വളർത്ത് മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. വളർത്ത് മൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പും മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പുമാണ് ശേഖരിക്കുക. രണ്ടും ചേർത്ത് ഹോട്ട്സ്പോട്ടുകൾ തദ്ദേശ വകുപ്പ് തയ്യാറാക്കും. ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം.

മൃഗസംരക്ഷണ വകുപ്പിന്‍റെ ഔഗ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് 22 വരെയുള്ള കണക്ക് അനുസരിച്ച് 43,571 വളർത്ത് മൃഗങ്ങളെയാണ് തെരുവുനായകൾ ആക്രമിച്ചത്. തിരുവനന്തപുരം ജില്ലയിൽ ശരാശരി 5000 വളർത്തു മൃഗങ്ങൾക്ക് കടിയേറ്റെന്ന് സർവെ പറയുന്നു.