സൗദി അറേബ്യയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയും പിടിയിൽ. റിയാദിൽ ഒരു സ്വകാര്യ മെഡിക്കൽ കോംപ്ലക്‌സിൽ ഇവർ നടത്തുന്ന ക്ലിനിക്കിൽ വെച്ചാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി പ്രമുഖ മെഡിക്കൽ കോംപ്ലക്‌സിൽ അബോർഷൻ നടന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഇവിടെ നിന്ന് ഗർഭച്ഛിദ്രം നടത്താൻ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു.