യുഎഇയില്‍ വ്യാജ വിസ വാഗ്ദാനം: പ്രവാസിക്ക് രണ്ട് മാസത്തെ തടവുശിക്ഷ

0
89

യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രവാസിക്ക് രണ്ട് മാസത്തെ തടവുശിക്ഷ. വിസയ്ക്ക് പണം വാങ്ങി ആളുകളെ കബളിപ്പിച്ച 43കാരനായ പ്രവാസിക്കാണ് ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്‍റെ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് വിസ നല്‍കുന്നുണ്ടെന്നും കുടിയേറാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രത്യേക ഓഫറുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ പരസ്യം നല്‍കിയത്. കമ്പനിയുടെ കെട്ടിടം വാടകയ്ക്ക് എടുത്ത് നിരവധി പേരെ അഭിമുഖം നടത്തി പണം തട്ടിയെടുത്തു. ഇതിന് പകരം കമ്പനിയുടെ ലോഗോ പതിച്ച രസീതും ഇയാള്‍ തട്ടിപ്പിനിരയായവര്‍ക്ക് നല്‍കി. വിചാരണക്കിടെ കുറ്റം നിഷേധിച്ച ഇയാള്‍ താന്‍ കമ്പനിയിലെ ജീവനക്കാരന്‍ മാത്രമാണെന്ന് പറഞ്ഞു. എന്നാല്‍ പ്രതി ആളുകളെ മനഃപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. വിസ ഇടപാടിന് ഫീസായി വാങ്ങിയ പണം തിരികെ നല്‍കാനും ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.