കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശ്ശേരിയിലും വൻ സ്വർണവേട്ട

0
46

കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശ്ശേരിയിലും വൻ സ്വർണവേട്ട. ദുബായിൽ നിന്നും ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മണ്ണാർക്കാട് സ്വദേശിയായ യാത്രക്കാരൻ നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 919 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.

യാത്രക്കാരനിൽ നിന്നും സ്വർണ്ണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയ ആളെയും കസ്റ്റംസ് പിടികൂടിയതായും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വോഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.

അര കിലോ സ്വർണവുമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായത്. ബെംഗളൂരുവിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി ജസീലിനെ സിആർപിഎഫാണ് പിടികൂടിയത്. 21 ലക്ഷം വില വരുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്.