സംസ്ഥാനത്തെ പാടശേഖരങ്ങളിൽനിന്ന് കൊയ്‌തെടുത്ത നെല്ല് പൂർണമായും സംഭരിക്കുന്ന നടപടികൾ കാര്യക്ഷമമാക്കാൻ അടിയന്തരനടപടി സ്വീകരിച്ചതായി മന്ത്രി വി എസ് സുനിൽകുമാർ.
പാടശേഖരങ്ങളിൽ കൊയ്‌ത നെല്ല് ചിലയിടങ്ങളിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സിവിൽ സപ്ലൈസ്–കൃഷി മന്ത്രിമാർ ചേർന്ന് സപ്ലൈകോ, പാഡി ഉദ്യോഗസ്ഥർക്ക് സംഭരണത്തിന് അടിയന്തര നിർദേശം നൽകിയത്.
നെല്ലുസംഭരണം ഉറപ്പുവരുത്താൻ സംസ്ഥാന–-ജില്ലാതലത്തിൽ ബുധനാഴ്‌ച അടിയന്തരയോഗം ചേർന്നു. നെല്ലിന് ഈർപ്പം കൂടുതലാണെന്നും ഗുണനിലവാരമില്ലെന്നും പറഞ്ഞ് സ്വകാര്യമില്ലുടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതാണ് മിക്കയിടത്തും നെല്ലുസംഭരണം ഭാഗികമായി മുടങ്ങാനിടയാക്കിയത്.
വിളവെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതോടെ നെല്ലിന്റെ തൂക്കം കുറയും. ഈ സാഹചര്യം മുതലാക്കി ചില മില്ലുടമകൾ വൈകിയുള്ള സംഭരണത്തിന് നീക്കം നടത്തുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പ്രധാനമായും തൃശൂർ, കോട്ടയം ജില്ലകളിലെ ചില പാടശേഖരങ്ങളിലാണ് സംഭരണം കൃത്യമായി നടക്കാത്തത്.
ഇത്തരം പാടശേഖരങ്ങളിൽ നേരിട്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.