ഏഷ്യാ കപ്പ് ട്വന്റി 20യിൽ ഇന്ന് ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പാകിസ്താനെതിരായ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, പരാജയത്തിന് പകരം ചോദിക്കാനുറച്ചാകും പാക് പട എത്തുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
പാകിസ്താനെതിരെ 5 വിക്കറ്റിന്റെ ആവേശ ജയവുമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ ഹോങ്കോങിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പാകിസ്താനെതിരെ പേസർമാരുടെ പ്രകടനമാണ് നിർണായകമായത്. ഭുവനേശ്വർ കുമാറും ഹർദ്ദിക് പാണ്ഡ്യയും പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചു. എന്നാൽ 148 റൺസ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല.
യുവ താരം നസീം ഷാ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് തലവേദനയായി. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും പിടിച്ചു നിന്നെങ്കിലും ഒരു ഘട്ടത്തിൽ മത്സരം പാകിസ്താന് അനുകൂലമായ സാഹചര്യത്തിലേയ്ക്ക് മാറിയിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച രവീന്ദ്ര ജഡേജയും പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയ തീരത്തണച്ചത്. അതേസമയം, ഏഷ്യാ കപ്പിലെ വിരാട് കോഹ്ലിയുടെ ഫോം ഇന്ത്യയ്ക്ക് ആശ്വാസമായിരിക്കുകയാണ്. പാകിസ്താനെതിരെ 35 റൺസ് നേടിയ കോഹ്ലി ഹോങ്കോംഗിനെതിരെ അർദ്ധ സെഞ്ച്വറി (59*) നേടുകയും ചെയ്തിരുന്നു.