അഫ്ഘാനിസ്ഥാനിൽ സ്ഫോടനം: 20 പേർ കൊല്ലപ്പെട്ടു 200 ഓളം പേർക്ക് പരിക്ക്

0
60

അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ ഗുസർഗ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ പ്രമുഖ പുരോഹിതൻ മുജീബ്-ഉൽ റഹ്‌മാൻ അൻസാരി കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

മുസ്ലീം വിശ്വാസികൾക്ക് പ്രധാനമായി കണക്കാക്കപ്പെടുന്ന വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്. മസ്ജിദുകളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും വെള്ളിയാഴ്ചകളിലെ ഈ സമയത്താണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരുകളെ വിമർശിച്ചതിന് അഫ്ഗാനിസ്ഥാനിലുടനീളം അറിയപ്പെടുന്ന ഒരു പ്രമുഖ പുരോഹിതനായിരുന്നു മുജീബ്-ഉൽ റഹ്‌മാൻ അൻസാരി. വിദേശ ശക്തികൾ പിൻവാങ്ങിയതോടെ 2021 ൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനുമായി ഇയാൾ അടുത്തു. അൻസാരിയുടെ മരണം താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. ഇതുവരെ ഒരു സംഘമോ വ്യക്തിയോ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.