ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്

0
105

റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്. ഊർജ്ജ ആവശ്യങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അലിപോവ് പറഞ്ഞു.

അമേരിക്കയെ പ്രീണിപ്പിക്കാൻ പരിശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം ഏതാണ്ട് അടിയറവ് വെച്ചത് പോലെയാണ് പെരുമാറുന്നത്. ലോകത്താകമാനം ഇന്ധന വിലവർദ്ധനവിന് കാരണമായിരിക്കുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും വികലമായ നയങ്ങളാണെന്നും അലിപോവ് കുറ്റപ്പെടുത്തി.

അമേരിക്കക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ. എല്ലാ മേഖലകളിലും ഇന്ത്യക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഊർജ്ജ മേഖലയിലെ നിലപാട് ഇന്ത്യ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞതാണെന്നും റഷ്യൻ സ്ഥാനപതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ രൂപ അന്താരാഷ്‌ട്ര വാണിജ്യ രംഗത്ത് ഉപയോഗപ്പെടുത്താനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായും അലിപോവ് അറിയിച്ചു.