Sunday
11 January 2026
28.8 C
Kerala
HomeWorldയുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്ത് ഇന്ത്യ

യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്ത് ഇന്ത്യ

യുക്രെയിൻ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) സുരക്ഷാ സമിതിയിൽ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. ബുധനാഴ്ച നടന്ന ഒരു ‘നടപടിക്രമ വോട്ടി”ലാണ് ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തത്.

യുക്രെയിനിൽ അധിനിവേശം ആരംഭിച്ചത് മുതൽ സുരക്ഷാസമിതിയിൽ റഷ്യയ്ക്കെതിരെ നടന്ന വോട്ടെടുപ്പുകളിൽ നിന്നെല്ലാം ഇന്ത്യ വിട്ടുനിന്നിരുന്നു. യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഇതിനോട് അതൃപ്തിയുണ്ടായിരുന്നു.

ആറ് മാസമായി തുടരുന്ന അധിനിവേശം വിലയിരുത്താൻ ബുധനാഴ്ച ചേർന്ന 15 അംഗ യു.എൻ സുരക്ഷാ സമിതി യോഗത്തിലേക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ വെർച്വലായി അഭിസംബോധന ചെയ്യാൻ ക്ഷണിച്ചിരുന്നു.

യുക്രെയിന്റെ 31-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. സെലെൻസ്കി പങ്കെടുക്കുന്നതിന് മുമ്ബ് അതിനായി ഒരു നടപടിക്രമ വോട്ട് നടത്തണമെന്ന് യോഗം തുടങ്ങിയപ്പോൾ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ ആവശ്യപ്പെട്ടു.

ഇന്ത്യ ഉൾപ്പെടെ 13 അംഗങ്ങൾ സെലെൻസ്കിയെ ക്ഷണിക്കാനായി അനുകൂല വോട്ട് രേഖപ്പെടുത്തി. റഷ്യ സെലെൻസ്കി പങ്കെടുക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ചൈന വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു.

സെലെൻസ്കി പങ്കെടുക്കുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ വീഡിയോയിലൂടെയുള്ള അഭിസംബോധനയ്ക്ക് പകരം അത് നേരിട്ടായിരിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. കൊവിഡ് സമയത്ത് സുരക്ഷാ സിമിതി വെർച്വൽ രീതിയിൽ പ്രവർത്തിച്ചെന്നും ഇത് അനൗപചാരികമായിരുന്നെന്നും ഇപ്പോൾ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയെന്നും റഷ്യ ചൂണ്ടിക്കാട്ടി.

യുക്രെയിൻ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തിൽ അവിടത്തെ പ്രസിഡന്റ് രാജ്യത്ത് തന്നെ തുടരേണ്ടത് അനിവാര്യമാണെന്നും എല്ലാ അംഗങ്ങളും വീഡിയോ കോൺഫറൻസിലൂടെയുള്ള സെലെൻസ്കിയുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കണമെന്നും അൽബേനിയ പ്രതികരിച്ചു.

യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ അടക്കം തീർത്തപ്പോൾ ഇന്ത്യ റഷ്യയെ വിമർശിക്കാൻ തയ്യാറായില്ല. പകരം,​ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. യു.എൻ സുരക്ഷാ സമിതിയിൽ രണ്ട് വർഷത്തേക്ക് താത്കാലിക അംഗമായിട്ടുള്ള ഇന്ത്യയുടെ കാലാവധി ഈ ഡിസംബറിൽ അവസാനിക്കും.

ഇന്ത്യ – റഷ്യ ബന്ധത്തെ ബാധിക്കുമോ ?

ഇന്ത്യയുടെ വോട്ട് യോഗത്തിലെ നടപടിക്രമത്തിന് വേണ്ടി മാത്രമായതിനാലും റഷ്യയെ വിമർശിക്കുന്ന പ്രമേയത്തിൻമേൽ അല്ലാത്തതിനാലും ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. റഷ്യ ഇത് സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല.

ബുധനാഴ്ച നടന്ന വോട്ടെടുപ്പ് ഇതിന് മുമ്ബ് ഇന്ത്യ വിട്ടുനിന്ന വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യ വിട്ടുനിന്നിട്ടുള്ള വോട്ടുകളെല്ലാം അധിനിവേശത്തിന് റഷ്യയെ കുറ്റപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു. എന്നാൽ, ഇത്തവണത്തേത് സെലെൻസ്കി വെർച്വലായി പങ്കെടുക്കുന്നത് മാത്രമായിരുന്നു വോട്ടിന്റെ അജണ്ട.

യോഗത്തിൽ സംസാരിച്ച ഇന്ത്യയുടെ അംബാസഡർ രുചിര കംബോജാകട്ടെ ഇന്ത്യ ഇതുവരെ പിന്തുടർന്ന നിഷ്പക്ഷ നിലപാടിൽ ഉറച്ചുനിന്നിരുന്നു. അധിനിവേശത്തിന്റെ സ്ഥിതിഗതികളും ലോകത്തിന്റെ വിവിധ ഭാഗത്തുണ്ടായ പ്രതിഫലനവും ചൂണ്ടിക്കാണിച്ച രുചിര റഷ്യയുടെ പേരെടുത്ത് പറഞ്ഞില്ല.

ഇന്ത്യ യുക്രെയിന് നൽകിയ മാനുഷിക സഹായങ്ങൾ വ്യക്തമാക്കിയെങ്കിലും യുക്രെയിന് തുറന്ന പിന്തുണ പ്രഖ്യാപിക്കാതിരുന്നതും ശ്രദ്ധേയമാണ്. ആക്രമണങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ഇരുകൂട്ടരും തമ്മിലെ ചർച്ചകളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമെന്നും രുചിര ആവർത്തിച്ചു

RELATED ARTICLES

Most Popular

Recent Comments