25കാരന്റെ മൃതദേഹവും കടിച്ചെടുത്ത് തടാകത്തിലൂടെ ഭീമൻ മുതല നീന്തിയത് ഒരു മണിക്കൂറിലേറെ

0
78

വടക്ക് കിഴക്കൻ മെക്സിക്കോയിൽ ആക്രമിച്ച്‌ കൊന്ന 25കാരന്റെ മൃതദേഹവും കടിച്ചെടുത്ത് തടാകത്തിലൂടെ ഭീമൻ മുതല നീന്തിയത് ഒരു മണിക്കൂറിലേറെ.

മെക്സിക്കോയിലെ ടമോലിപാസ് സംസ്ഥാനത്തെ ഒരു തടാകത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ടംപീകോ നഗരത്തിലെ ലഗൂനാ ഡെൽ കാർപിന്റെരോ ജലായത്തിൽ ആമകൾ നീന്തുന്നതും മറ്റും കാണാനെത്തിയ സന്ദർശകരാണ് ഈ ഭീകര ദൃശ്യം ആദ്യം കണ്ടത്. മുതലകളുടെ ആക്രമണത്തിന് പേര് കേട്ട തടാകമാണിത്.

11 അടിയിലേറെ നീളമുണ്ടായിരുന്ന കൂറ്റൻ മുതല യുവാവിന്റെ ശരീരവും കടിച്ചുപിടിച്ച്‌ തടാകത്തിലൂടെ നീന്തുകയായിരുന്നു. തടാകത്തിന് സമീപമുള്ളവർക്ക് വളരെ വ്യക്തമായി ഈ കാഴ്ച കാണാനാകുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മരിച്ച യുവാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. തടാകത്തിനരികിലും സമീപത്തെ പാർക്കിലും സ്ഥാപിച്ചിട്ടുള്ള തടാകത്തിൽ നീന്താൻ പാടില്ലെന്ന അപായ സൂചനകൾ ഇയാൾ അവഗണിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്ന് ലോക്കൽ പൊലീസ് പറഞ്ഞു.

പൊലീസെത്തിയപ്പോഴേക്കും തടാകത്തിന് സമീപത്തെ അഴുക്ക് ചാലിലേക്ക് യുവാവിന്റെ മൃതദേഹവുമായി മുതല നീന്തി പോയിരുന്നു. തുടർന്ന് അഗ്നിശമന സേനയടക്കം നടത്തിയ തിരച്ചിലിൽ പാർക്കിന് സമീപത്തെ വൊളാന്റിൻ എന്ന പ്രദേശത്തെ മാൻഹോളിന് താഴെ അഴുക്കുചാലിൽ മുതലയേയും യുവാവിന്റെ മൃതദേഹത്തെയും കണ്ടെത്തി.

ഒരു മണിക്കൂറോളം സമയമെടുത്താണ് മാൻഹോളിലെ മെറ്റൽ കവചം നീക്കാൻ അധികൃതർക്ക് വേണ്ടി വന്നത്. പിന്നാലെ മുതലയുടെ കഴുത്തിൽ കയർ കുരുക്കി പുറത്തെത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുത്തത്.

ജൂണിൽ ഇതേ തടാകത്തിന്റെ തീരത്ത് തുണി കഴുകുന്നതിനിടെ ഒരു സ്ത്രീ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്നു. അന്നും ഇത് പോലെ മൃതശരീരവുമായി മുതല നീന്തുന്നത് കണ്ടതായും അവർ കൂട്ടിച്ചേർത്തു. 2020ൽ മുന്നറിയിപ്പ് അവഗണിച്ച്‌ ഇവിടെ നീന്താനിറങ്ങിയ ഒരു മദ്ധ്യവയസ്കനെയും മുതല കൊന്നിരുന്നു.