മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 25ന്റെയും 26ന്റെയും ലംഘനമാകുന്ന യാതൊന്നും ബാങ്കു വിളിയിലില്ല. പ്രാര്‍ഥനക്കായുള്ള വിളിയില്‍ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ല. അത്‌കൊണ്ട് തന്നെ ഹരജിക്കാരന്റെ വാദം നിലനില്‍ക്കില്ല. ഇത്തരം ഹരജികള്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ബാങ്ക് വിളി മുസ്‌ലിം വിശ്വാസ ക്രമത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണെങ്കിലും അതിലെ ചില പ്രയോഗങ്ങള്‍ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നതാണെന്ന വാദമാണ് ഹരജിക്കാരനായ ചന്ദ്രശേഖര്‍ എന്നയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് പൂര്‍ണമായി നിരോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം വാദിച്ചു.
ബാങ്കിലെ വരികള്‍ വായിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ ബഞ്ച് തടഞ്ഞു. ഈ വാചകങ്ങള്‍ കേള്‍ക്കുമ്ബോഴേ നിങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുവെന്നാണല്ലോ നിങ്ങള്‍ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നതെന്ന് കോടതി ചോദിച്ചു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25(1) ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരന്‍മാര്‍ക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാല്‍ ഇത് അനിയന്ത്രിതമായ അവകാശമല്ല. പൊതു ക്രമം, ധാര്‍മികത, ആരോഗ്യം തുടങ്ങിയവയെ ഈ അവകാശം ഹനിക്കാന്‍ പാടില്ല. ഇവിടെ ബാങ്ക് ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വിളിക്കുമ്ബോള്‍ നിസ്‌കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുന്നതെന്ന് ബഞ്ച് ചോദിച്ചു.