ഇന്ത്യ- ചൈന നിയന്ത്രണ രേഖയില്‍ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യണ്‍ രൂപ ചിലവില്‍ 30 എംക്യൂ-9ബി സായുധ ഡ്രോണുകളാകും വാങ്ങുക. ഇതിനായി അമേരിക്കയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സമുദ്ര നിരീക്ഷണത്തിനും അന്തര്‍വാഹിനി വേധ യുദ്ധങ്ങള്‍ക്കും, ആകാശ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ആകും ഇവ ഉപയോഗപ്പെടുത്തുക. അടുത്തിടെ അല്‍ ഖ്വായ്ദ തലവന്‍ അയ്മന് അല്‍ സാവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച ഡ്രോണിന്റെ വകഭേദമാണ് ഇന്ത്യയും സ്വന്തമാക്കുക.
യുഎസിലെ ഡിഫന്‍സ് മേജര്‍ ജനറല്‍ അറ്റോമിക്സ് നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ അറ്റോമിക്സ് ഗ്ലോബല്‍ കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് വിവേക് ലാല്‍ വ്യക്തമാക്കി. ഇന്ത്യയെ പിന്തുണയ്ക്കാനും ദീര്‍ഘക്കാല ബന്ധം നിലനിര്‍ത്താനും തയ്യാറാണെന്നും ലാല്‍ പറഞ്ഞു. ചിലവ് , ആയുധ പാക്കേജ്, സാങ്കേതികവിദ്യ പങ്കിടുന്നത് എന്നിവ സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.