21-ാം നൂറ്റാണ്ടിലെ ഭക്ഷ്യ വിതരണ ശൃംഖലയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കാന്‍ ഇന്ത്യയും യു.എ.ഇയും ഇസ്രയേലും

0
91

യുക്രെയിനിലെ റഷ്യന്‍ അധിനിവേശം യൂറോപ്പില്‍ ഭീതി സൃഷ്ടിക്കുന്നതിനിടെ 21-ാം നൂറ്റാണ്ടിലെ ഭക്ഷ്യ വിതരണ ശൃംഖലയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കാന്‍ ഇന്ത്യയും യു.എ.ഇയും ഇസ്രയേലും കൈകോര്‍ക്കുന്നു.

യുക്രെയിന്‍ അധിനിവേശവും റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളും ലോകത്തെ പ്രധാന ഭക്ഷ്യ വിതരണ ശൃംഖലകളെ കാര്യമായി ബാധിച്ചു. ലോകം ഭക്ഷ്യക്ഷാമത്തിന്റെ വക്കില്‍ വരെയെത്തി. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ ഒരു അന്താരാഷ്ട്ര ‘ഭക്ഷ്യ ഇടനാഴി ” സൃഷ്ടിക്കാന്‍ മൂന്ന് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ സജീവമാണ്.

ജൂലായ് 14ന് നടന്ന ആദ്യ ഐ2യു2 ഉച്ചകോടിയിലാണ് ‘ഭക്ഷ്യ ഇടനാഴി’ എന്ന ആശയം ഉയര്‍ന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി യെയ്‌ര്‍ ലാപിഡ്, ​ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ , ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ വെര്‍ച്വലായാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യ, ഇസ്രയേല്‍, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യമാണ് ഐ2യു2.

ലോക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ആദ്യ ഉച്ചകോടിയില്‍ ഭക്ഷ്യസുരക്ഷ, സഹകരണം, സാമ്ബത്തികം, വ്യാപാരം, സാങ്കേതികവിദ്യ,​ ബഹിരാകാശം തുടങ്ങിയവ ചര്‍ച്ചയായി. പശ്ചിമേഷ്യയിലുടനീളവും കിഴക്കന്‍ യൂറോപ്പിലേക്കും വാണിജ്യബന്ധങ്ങള്‍ പുനഃക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ കൂട്ടായ്മ യൂറേഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

അതേസമയം, അമേരിക്കയുടെ ഇടപെടലില്ലാതെ ഇന്ത്യ, ഇസ്രയേല്‍, യു.എ.ഇ രാജ്യങ്ങളിലെ സ്വകാര്യ മേഖലകളുടെ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തെ പൂര്‍ണ്ണമായും അടിസ്ഥാനമാക്കിയുള്ളതാണ് ഭക്ഷ്യ ഇടനാഴി. ഇന്ത്യ-മിഡില്‍ ഈസ്റ്റ് മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇടനാഴി കാരണമാകും.

ആഗോള ഭക്ഷ്യ ഉത്പാദനത്തില്‍ (കലോറി കണക്കാക്കുമ്ബോള്‍) ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാല്‍, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ നാലാം സ്ഥാനമാണ്. ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഇനിയും വികസനങ്ങള്‍ അനിവാര്യമാണ്. ഐ2യു2 ഉച്ചകോടിയില്‍ ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനായി 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം യു.എ.ഇ വാഗ്ദാനം ചെയ്തിരുന്നു.

ഭക്ഷ്യ ഇടനാഴി ഏകദേശം 2 ദശലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനമാകുമെന്നും ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് യു.എ.ഇയുടെ കണക്കുകൂട്ടല്‍. ഇന്ത്യയുടെ ഉത്പാദന വര്‍ദ്ധനവിന് സാങ്കേതിക വികസനത്തിലൂന്നിയുള്ള പിന്തുണയാണ് ഇസ്രയേല്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളം ഏകദേശം 29 കാര്‍ഷിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1,50,000 കര്‍ഷകര്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നാണ് കണക്ക്.