സ്വാതന്ത്ര്യ ദിനത്തിന്റെ അവസാനഘട്ട ഒരുക്കത്തിൽ രാജ്യം ; കനത്ത സുരക്ഷ

0
91

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് രാജ്യം. ആഘോഷത്തിന്റെ പ്രധാനവേദിയായ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും ത്രിവർണ പതാകകൾകൊണ്ട് അലങ്കരിച്ചു. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവർണ്ണ ശോഭയിൽ തിളങ്ങുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴ് മണിക്കാണ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുൾപ്പെടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിൽ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു. ഇന്നും നാളെയും രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ഇന്നും തുടരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രിമാരുൾപ്പെടെ എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ പതാകകളേന്തിയുളള ജാഥകൾ ഇന്നും ഉണ്ടായി. പ്രമുഖ വ്യക്തിത്വങ്ങൾ ഹർ ഘർ തിരംഗ് പ്രചാരണത്തിന്റെ ഭാഗമാകും.