അഫ്ഗാനിസ്ഥാനിലെ കലാപഭൂമിയിൽ നിന്നും അഭയം പ്രാപിച്ച്‌ ഇന്ത്യയിലേക്ക് വരാനായി കാത്തിരിക്കുന്നത് നൂറോളം പേർ.

0
56

ഇന്ത്യൻ മണ്ണിൽ എത്താൻ ആഗ്രഹിച്ച്‌ അഫ്ഗാനിലെ സിഖ് സമൂഹം. അഫ്ഗാൻ സിഖ് നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-വിസയ്‌ക്കായി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ച്‌ വിസ ലഭിക്കാത്തതിനാൽ കുടുംബത്തെ ഉപേക്ഷിച്ച്‌ വരാൻ കഴിയാതെ കാരുണ്യം കാത്തു കിടക്കുന്നവരാണ്. കുട്ടികൾക്കാണ് വിസ ലഭിക്കുന്നതിൽ തടസ്സമെന്നും സിഖ് നേതാവ് പറഞ്ഞു.

താലിബാൻ നിയന്ത്രണത്തിലുള്ള രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ഇ-വിസ അനുവദിക്കാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും, ഒരു മിനിറ്റ് പോലും വീടുകളിൽ തനിച്ചാക്കി പോകാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ നിയന്ത്രണത്തിലായതു മുതൽ ഗുരുദ്വാരകൾ സന്ദർശിക്കുന്നതിനും കടകൾ തുറക്കുന്നതിനും അനുമതി ഇല്ലാതായി. ഗുരുദ്വാരകളൊന്നും ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്നും ആളുകൾക്ക് അവ സന്ദർശിക്കാൻ ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മനാട് വിട്ട് ഇന്ത്യയിൽ എത്തിയവർ ജീവിതം പുനർനിർമിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജമാക്കുന്നുണ്ടെന്നും അഫ്ഗാൻ സിഖുക്കാരെയും ഹിന്ദുക്കളെയും ഒഴിപ്പിക്കുന്ന സംഘടനയായ അമൃത്സർ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പാർപ്പിടം, മക്കൾക്ക് വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണെന്ന് എസ്ജിപിസി സീനിയർ വൈസ് പ്രസിഡന്റ് രഘുജിത് സിംഗ് പറഞ്ഞു.