വാസയോഗ്യമായ പാര്‍പ്പിടം ഒരുക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണന്‍

0
53

വാസയോഗ്യമായ മികച്ച പാര്‍പ്പിടം ഒരുക്കി അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂര്‍ണ പാര്‍പ്പിടം ലക്ഷ്യമാണെങ്കിലും പാര്‍പ്പിടത്തിനൊപ്പം ജീവിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതി ദാരിദ്ര്യം സംബന്ധിച്ച കണക്ക് പുറത്തുവന്നപ്പോള്‍ കേരളത്തില്‍ 0.1 ശതമാനം മാത്രമേ ഈ വിഭാഗത്തിലുള്ളു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഇതുവരെ ലൈഫ് പദ്ധതിയില്‍ 95 ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഇനിയും വീടുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യൂ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.