ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടരക്കോടി രൂപയാണ് ഇത്തവണ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചിലവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിന് പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കും.
ലോക ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്ക്ക് സ്ഥാനം നേടിക്കൊടുത്ത നെഹ്‌റു ട്രോഫി ജലമേള വിപുലമായ നിലയിൽ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ജലോത്സവം നടത്താൻ സാധിച്ചിരുന്നില്ല.
ഇതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം നടത്തുന്ന ജലമേള എന്ന നിലയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യംവെക്കുന്നത്. സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള. പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരമാണ് ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്.
കോവിഡും പ്രളയവും തീർത്ത പ്രതിസന്ധികള്‍ക്ക് ശേഷമെത്തുന്ന ജലോത്സവം ടൂറിസം മേഖലയിലും ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ഭരണകൂടം. വീണ്ടുമൊരു ജലോത്സവത്തിന് ആരവമുയരുമ്പോൾ വള്ളംകളി പ്രേമികളും പ്രതീക്ഷയിലാണ്.